ad
Deshabhimani

ചമ്പാരൻ മദ്യ ദുരന്തത്തിൽ മരണം അഞ്ചായി; ബിഹാറിൽ മദ്യനിരോധനത്തിന് ശേഷം സമാനസംഭവങ്ങളിൽ മരിച്ചത് 1300 പേര്‍

b
വെബ് ഡെസ്ക്

Published on Apr 04, 2026, 10:37 AM | 1 min read

പട്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ നാലുപേർ കൂടി മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ മരണസംഖ്യ അഞ്ചായി. ആദ്യ മരണം ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്.


മോതിഹാരിയിലെ തുർക്കൗലിയ, രഘുനാഥ്പൂർ മേഖലകളിലാണ് മരണം. കേസുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായതായി ഈസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്ട്രേറ്റ് സൗരഭ് ജോർവാൽ പറഞ്ഞു. അഞ്ചുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും ഏഴുപേർ ചികിത്സ കഴിഞ്ഞ് പോയതായും അവർ കൂട്ടിച്ചേർത്തു.


രഘുനാഥ്പൂർ മേഖലയിൽ വെച്ചാണ് ആദ്യ ഇര ചാരായം കുടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ്. ആവര്‍ത്തിക്കുന്ന വിഷമദ്യ ദുരന്തങ്ങൾ എൻഡിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


നിരോധന നിയമത്തിന്റെ ഗുരുതരമായ പോരായ്മകളും അത് നടപ്പാക്കുന്നതിൽ എൻഡിഎ സർക്കാരിന്റെ പരാജയവും വീണ്ടും വെളിപ്പെട്ടതായി ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് പ്രതികരിച്ചു. ഏപ്രിൽ 2016 മുതൽ ബിഹാറിൽ വിഷമദ്യം കഴിച്ചത് മൂലം 1,300-ലധികം പേർ മരിച്ചതായാണ് കണക്കുകൾ. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. യഥാർത്ഥ സംഖ്യ വളരെ കൂടുതലാണ്. പലർക്കും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇവരുടെ കണക്കുകൾ പോലും ലഭ്യമല്ല.


ഭരണകക്ഷികളായ ബിജെപി-ജെഡി(യു) സഖ്യത്തിലെ ചില നേതാക്കൾക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. അവരുടെ സംരക്ഷണയിൽ വളരുന്ന മദ്യമാഫിയ ലാഭകരമായ സംരംഭമായി മാറിയെന്നും തേജസ്വി ചൂണ്ടികാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home