മന്ത്രി കീർത്തനയ്ക്ക് ആദ്യ അവസരത്തിൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല; തടസ്സമായത് ആ രേഖ

എസ് കീർത്തന
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഭരണഘടനാപരമായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോടേം സ്പീക്കർക്ക് മുൻപാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കിയത്. സഭാ കീഴ്‍വഴക്കങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖർ പങ്കെടുത്തു.
സർട്ടിഫിക്കറ്റ് മറന്നു; കീർത്തനയ്ക്ക് സത്യപ്രതിജ്ഞ വൈകി
മന്ത്രിസഭയിലെ യുവസാന്നിധ്യമായ എസ് കീർത്തനയ്ക്ക് ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കൈവശം ഇല്ലാതിരുന്നതാണ് സാങ്കേതിക തടസ്സത്തിന് കാരണമായത്. സത്യപ്രതിജ്ഞാ വേളയിൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണ് കീർത്തന നടപടികൾ പൂർത്തിയാക്കിയത്. ശിവകാശിയിൽ നിന്ന് കോൺഗ്രസിലെ അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന സഭയിലെത്തിയത്. ഇവിടെ എഐഎഡിഎംകെയുടെ കെ ടി രാജേന്ദ്രബാലാജി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.
സമാനമായ രീതിയിൽ വേലച്ചേരി എംഎൽഎ കുമാറിനും ചെറിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടു. സഹപ്രവർത്തകന്റെ സർട്ടിഫിക്കറ്റ് മാറി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇത് ചൂണ്ടിക്കാട്ടുകയായിരുന്നു. പിന്നീട് സ്വന്തം സർട്ടിഫിക്കറ്റ് ഹാജരാക്കി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. മുൻ ഉപമുഖ്യമന്ത്രിയും ഡിഎംകെ കക്ഷി നേതാവുമായ ഉദയനിധി സ്റ്റാലിൻ പതിനേഴാം തമിഴ്‌നാട് നിയമസഭയുടെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. വിജയ് പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചിരുന്നുവെങ്കിലും തിരുച്ചി ഈസ്റ്റ് സീറ്റിൽ നിന്ന് അദ്ദേഹം രാജിവെച്ചു. നിലവിൽ 233 അംഗങ്ങളാണ് സഭയിലുള്ളത്. വിജയ്‍യോടൊപ്പം ഒമ്പത് മന്ത്രിമാരും കഴിഞ്ഞ ദിവസം അധികാരമേറ്റിരുന്നു.











0 comments