വിജയ് - സംഗീത വിവാഹമോചന ഹർജി ആഗസ്തിൽ പരിഗണിക്കും; ഇന്നും നേരിട്ട് ഹാജരായില്ല

വിജയ് , സംഗീത
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ആഗസ്ത് ഏഴിലേക്ക് മാറ്റി. ചെങ്കൽപട്ട് കുടുംബകോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇരുവരും നേരിട്ട് ഹാജരായില്ല. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നൽകിയില്ല. വിജയ്‍യുടെയും സംഗീതയുടെയും ഇമെയിൽ ഐഡി അടക്കമുള്ള രേഖകൾ നൽകാൻ കോടതി ആവശ്യപ്പെട്ടു.
വിജയ്ക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ സംഗീത നൽകിയ ഹർജിയെത്തുടർന്നാണ് വിവാഹമോചന നടപടികൾ ആരംഭിച്ചത്. കേസ് ആദ്യം ഏപ്രിൽ 20നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആദ്യ ഹിയറിംഗിൽ വിജയും സംഗീതയും ഹാജരാകാതിരുന്നതിനെ തുടർന്ന് ജൂൺ 15ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.
വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും 2021ലാണ് താൻ ഇത് കണ്ടെത്തിയതെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നതായും അവർ പറയുന്നു. എന്നാൽ, വിജയ് ഈ ബന്ധം തുടരുക മാത്രമല്ല, ആ നടിക്കൊപ്പം യാത്രകൾ ചെയ്യുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതായി ഹർജിയിൽ അവകാശപ്പെടുന്നു. ഇത് തനിക്കും മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കും കടുത്ത അപമാനമുണ്ടാക്കിയതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, തനിക്ക് മുൻപ് ലഭിച്ചിരുന്ന സൗകര്യങ്ങൾ വിജയ് നിഷേധിച്ചതായും സാമ്പത്തിക നിയന്ത്രണങ്ങളും സഞ്ചാര സ്വാതന്ത്ര്യത്തിന്മേൽ വിലക്കുകളും ഏർപ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.
വിജയ്‍യും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതായി ചില മാധ്യമങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരം കാര്യങ്ങളൊന്നും തിങ്കളാഴ്ച കോടതിക്ക് മുന്നിൽ പരാമർശിച്ചതായി വിവരമില്ല.
1999ലായിരുന്നു വിജയ്‍യുടെയും സംഗീതയുടെയും വിവാഹം.











0 comments