print edition തൃണമൂൽ പിളര്‍പ്പിലേക്ക്; 50 എംഎൽഎമാർ സ്‌പീക്കർക്ക് കത്ത് കൈമാറി

മമത ബാനർജി
ഗോപി
Published on Jun 03, 2026, 12:27 AM | 1 min read
കൊൽക്കത്ത: കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രൂപപ്പെട്ട കലഹം പൊട്ടിത്തെറിയിലേക്ക്. തൃണമൂലിൽനിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 50 തൃണമൂൽ എംഎൽഎമാർ കൊൽക്കത്തയിലെ ഹോട്ടലിൽ യോഗം ചേർന്നു. ഇവർ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞടുത്തെന്നും എംഎഎമാർ ഒപ്പിട്ട കത്ത് സ്‌പീക്കർക്ക് കൈമാറിയെന്നും റിപ്പോർട്ടുണ്ട്.
ഭൂരിപക്ഷം എംഎൽഎമാരെയും ഒപ്പംനിർത്തി യഥാർഥ തൃണമൂൽ തങ്ങളാണെന്ന് അവകാശപ്പെടാനുള്ള നീക്കമാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്നത്. മഹാരാഷ്‌ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തി വിമതർ പാർടി പിടിച്ചതിന് സമാനമായ നീക്കമാണ് ബംഗാളിലും. അതേസമയം, യോഗത്തിനുശേഷം ഋതബ്രത നിയമസഭയിലെത്തി മന്ത്രി തപസ് റോയിയുമായി കൂടിക്കാഴ്‌ച നടത്തി. തൃണമൂൽ കോൺഗ്രസ് പല കഷണമാകുമെന്ന് മാധ്യമങ്ങളെകണ്ട തപസ് റോയ് പ്രതികരിച്ചു.
മമതയുടെ ധർണയിൽ 6 എംഎൽഎമാർമാത്രം
തെരഞ്ഞെടുപ്പിനുശേഷം അരങ്ങേറുന്ന അക്രമത്തിനും അഭിഷേക്ക് ബാനർജിക്കുനേരെ നടന്ന കൈയേറ്റത്തിനുമെതിരെ ചൊവ്വാഴ്‌ച കൊൽക്കത്ത എസ്‌പ്ലനേഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ ധര്‍ണയില്‍നിന്ന് ബഹുഭൂരിപക്ഷം എംഎൽഎമാരും നേതാക്കളും വിട്ടുനിന്നു.
ആകെ ആറ് എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. പ്രവർത്തകരും കുറവായിരുന്നു. പകൽ രണ്ടിന് തുടങ്ങിയ ധർണ ഒരുമണിക്കൂറിൽ അവസാനിപ്പിച്ച് മമത സ്ഥലം വിട്ടു.










0 comments