Deshabhimani

ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

tamilnadu
വെബ് ഡെസ്ക്

Published on Nov 10, 2026, 08:51 AM | 1 min read

ചെന്നൈ: ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.10-ഓടെ ഉളളുകുറുക്കൈ ഗ്രാമത്തിന് സമീപമുള്ള കമ്പനിയുടെ മാരി ഗോൾഡ് ഫാക്ടറിയിലാണ് സംഭവം നടന്നത്.


ധർമ്മപുരി ജില്ലക്കാരായ സാരാഥി കുമാർ (25), അക്മൽ ബാബു ഭായി (28), കാവേരി (31) എന്നിവരാണ് മരിച്ചത്. നെൽക്കോ (Nelco) എന്ന കരാർ സ്ഥാപനം വഴി ജോലിക്കെത്തിയവരാണിവർ.


ഫാക്ടറിയിലെ എൻഎഫ് ടാങ്ക് പരിശോധിക്കുന്നതിനായി അടപ്പ് തുറന്ന അക്മൽ വിഷവാതകം ശ്വസിച്ച് ഉടൻ തന്നെ ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാരാഥി കുമാറും തുടർന്ന്, സുരക്ഷാ സംഘത്തെ വിവരമറിയിച്ച ശേഷം രക്ഷാപ്രവർത്തനത്തിന് മുതിർന്ന കാവേരിയും അപകടത്തിൽപ്പെട്ടത്. മൂവരെയും പുറത്തെടുത്ത് ഉടൻ തന്നെ ഹോസൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ രായക്കോട്ടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൃഷ്ണഗിരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


വ്യവസായ ശാലകളിൽ അപകടകരമായ മാലിന്യ ടാങ്കുകൾ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മതിയായ സുരക്ഷാ ഉപകരണങ്ങളോ വിഷവാതക പരിശോധനയോ ഇല്ലാതെ തൊഴിലാളികളെ അപകടകരമായ സാഹചര്യം സൃഷ്ടിച്ച മാനേജ്‌മെന്റിന്റെയും കോൺട്രാക്ടറുടെയും വീഴ്ചയ്‌ക്കെതിരെയും വിമർശനമുയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home