സർക്കാരിൽ നിന്നും അനുകൂലമായ നടപടികളുണ്ടായില്ല; 12ന് സംസ്ഥാനത്ത് ഓട്ടോ–ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: കൊച്ചി: ഓട്ടോ –ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 12ന് സംസ്ഥാനത്ത് 24 മണിക്കൂർ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. 12-ന് രാത്രി 12 മുതൽ 13ന് രാത്രി 12 വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.
ഇന്ധനവില വർധനവും ഇൻഷുറൻസ് പ്രീമിയത്തിലെ വൻ തുകയുമടക്കം ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഓട്ടോ–ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തുടർച്ചയായ ഇന്ധനവില വർധനവും ഇൻഷുറൻസ് പ്രീമിയവും സ്‌പെയർപാർട്സുകളുടെ വിലക്കയറ്റവും കാരണം ഈ മേഖലയിൽ തുടർന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്ധന നികുതി കൊള്ളയും ഇൻഷുറൻസ് തുക കൂട്ടിയ നടപടികളും മോട്ടോർ തൊഴിലാളികളുടെ ജീവിതം പട്ടിണിയിലാക്കിയിരിക്കുകയാണ്.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണർക്കും സർക്കാരിനും മുൻകൂട്ടി രേഖാമൂലം നിവേദനം നൽകിയിട്ടും അനുകൂലമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിലേക്ക് കടക്കുന്നത്. പണിമുടക്ക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ പ്രതിഷേധ മാർച്ച് നടക്കും. പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.








0 comments