ബംഗളൂരു കൂട്ടക്കൊല; സംശയം തോന്നാതിരിക്കാന്‍ കൊല്ലപ്പെട്ടവരുടെ ഫോണിൽനിന്ന് പ്രതി സന്ദേശങ്ങളയച്ചു

ബംഗളൂരു: 16 ദിവസത്തിനിടെ ഭാര്യയും ബന്ധുക്കളുമടക്കം ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകങ്ങൾ മറച്ചുവയ്ക്കാൻ കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകളിൽനിന്ന് ബന്ധുക്കൾക്ക് സന്ദേശങ്ങളയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ടവർ യാത്രയിലാണെന്നും വീട്ടിൽനിന്ന് മാറിനിൽക്കുകയാണെന്നും വിശ്വസിപ്പിക്കാനായിരുന്നു ശ്രമം. ബംഗളൂരുവിലെ ടാക്സി ഡ്രൈവർ ഇന്ദുശേഖറാണ് പ്രതി.
ഒക്ടോബർ 16നാണ് കൊലപാതക പരമ്പരയ്ക്ക് തുടക്കമായത്. വർഷങ്ങളായി ഭാര്യ സുനിതയുമായി ഇന്ദുശേഖർ അകൽച്ചയിലായിരുന്നു. ഇരുവരെയും അനുനയിപ്പിക്കാൻ ബന്ധുക്കൾ പലതവണ ശ്രമിച്ചെങ്കിലും തർക്കങ്ങൾ തുടർന്നു. കുടുംബപ്രശ്നങ്ങളിൽ ഭാര്യയുടെ ബന്ധുക്കൾ ഇടപെടുന്നതിലുള്ള വിരോധമാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആദ്യം ഭാര്യ സുനിതയെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം നന്ദി ഹിൽസ് പ്രദേശത്ത് ഉപേക്ഷിച്ചു. ഭാര്യ സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയതാണെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് അയൽക്കാരോട് പറഞ്ഞത്.
പിന്നീട് മദ്യസൽക്കാരത്തിനെന്ന വ്യാജേന ഭാര്യാസഹോദരന്മാരായ ശിവകുമാറിനെയും ശങ്കറിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. തുടർന്ന് ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപാവതി, ഏഴുവയസ്സുകാരൻ പുനീത് എന്നിവരെയും കൊലപ്പെടുത്തി. ഒക്ടോബർ 31നുള്ളിൽ ഏഴ് കൊലപാതകങ്ങളും നടന്നതായാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ കൊലപാതകങ്ങൾ നടന്നിട്ടും ബന്ധുക്കൾക്ക് ആദ്യം സംശയമൊന്നും തോന്നിയില്ല. കൊല്ലപ്പെട്ടവരുടെ ഫോണുകൾ കൈവശപ്പെടുത്തിയ ഇന്ദുശേഖർ അവയിൽനിന്ന് സന്ദേശങ്ങളയച്ചുകൊണ്ടിരുന്നു. എല്ലാവരും യാത്രയിലാണെന്നായിരുന്നു സന്ദേശങ്ങൾ. ഇതോടെ ബന്ധുക്കൾ തങ്ങളുമായി ആശയവിനിമയം നടത്തുന്നത് കൊല്ലപ്പെട്ടവരോടാണെന്ന് വിശ്വസിച്ചു. ചില സന്ദേശങ്ങളിലെ അസ്വാഭാവികതയും ഫോൺ വിളിച്ചാൽ മറുപടി ലഭിക്കാത്തതുമാണ് പിന്നീട് സംശയത്തിന് കാരണമായത്.
കൊല്ലപ്പെട്ട ദമ്പതികളുടെ പത്തുവയസ്സുകാരനായ മകനെക്കൊണ്ടും പ്രതി ബന്ധുക്കൾക്ക് ശബ്ദസന്ദേശങ്ങൾ അയപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾ തീർഥാടനത്തിനും പിന്നീട് ഉത്തരേന്ത്യൻ യാത്രയ്ക്കും പോയെന്നായിരുന്നു കുട്ടിയെക്കൊണ്ട് പറയിപ്പിച്ചത്. പ്രതിക്കൊപ്പം യാത്രചെയ്യുന്നതിനിടെ കാറിനുള്ളിൽ ചാക്കുകെട്ടുകളും ദുർഗന്ധവും ശ്രദ്ധിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകി.
നവംബർ മൂന്നിന് ഇവരെ കാണാതായതായി ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ വിവരം പുറത്തുവന്നത്. നവംബർ ഒമ്പതിന് അവസാനത്തെ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയതോടെ ഏഴുപേരുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകങ്ങൾ മറച്ചുവയ്ക്കാൻ പ്രതിയുടെ പ്രായപൂർത്തിയാകാത്ത മകൾ സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളും സ്വത്തുതർക്കവും കൊലപാതകങ്ങൾക്ക് പിന്നിലുണ്ടോയെന്നും പരിശോധിക്കുന്നു. 2018ലെ കവർച്ച, മാലപൊട്ടിക്കൽ കേസുകളുമായി ബന്ധപ്പെട്ട് പ്രതി നേരത്തെ അറസ്റ്റിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാധ്യമപ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്താൻ ഉപയോഗിച്ചിരുന്ന 'താനാവരദി' എന്ന യൂട്യൂബ് ചാനലും പൊലീസ് പരിശോധിക്കുന്നുണ്ട്.








0 comments