സിയാച്ചിന്‍ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ 3 സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി: ലഡാക്കിലെ സിയാച്ചിന്‍ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. മഹാര്‍ റെജിമെന്റില്‍ ഉള്‍പെട്ട ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് സ്വദേശികളായ സൈനികരാണ് മരിച്ചത്.
അഞ്ച് മണിക്കൂറോളം ഇവര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടന്നതായാണ് വിവരം. ഒരുആര്‍മി ക്യാപ്ടനെ രക്ഷപ്പെടുത്തി. ഏകദേശം 20,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിനില്‍ ഹിമപാതം സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് അധികതൃർ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
2022ല്‍ അരുണാചല്‍ പ്രദേശിലെ കാമെംഗ് സെക്ടറിലാണ് ഹിമപാതത്തെ തുടര്‍ന്ന് സമീപകാലയളവിലുണ്ടായ വലിയ നഷ്ടം. ഏഴ് സൈനികരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. ഇതിന് പുറമെ 2021-ല്‍ സിയാച്ചിനില്‍തന്നെ രണ്ട് സൈനികര്‍ മരിച്ചു. 2019-ല്‍ ഉണ്ടായ ഹിമപാതത്തില്‍ നാല് സൈനികർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കും ജീവൻ നഷ്‌ടമായിരുന്നു. 'ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി' എന്നാണ് സിയാച്ചിൻ അറിയപ്പെടുന്നത്.








0 comments