ad
Deshabhimani

"ഇപ്പോൾ ഇതാണ് എന്റെ ജീവിതം"; ജാമ്യം നിഷേധിക്കപ്പെട്ടതിന് ശേഷം ഉമർ ഖാലിദ്

Umar Khalid

ഉമർ ഖാലിദ് (File)

വെബ് ഡെസ്ക്

Published on Jan 05, 2026, 06:04 PM | 1 min read

ന്യൂഡൽഹി: അഞ്ചുവർഷത്തിലേറെയായി വിചാരണയില്ലാതെ തടവിൽ കഴിയുകയാണ് വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദും ഷർജീൽ ഇമാമും. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയാണ് ഇവരടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തത്. എന്നാൽ ദീർഘനാളായി ജയിലിൽ തുടരുന്ന സാഹചര്യത്തിൽ ജാമ്യം തേടി ഉമർ ഖാലിദും ഷർജീലും സമർപ്പിച്ച അപേക്ഷകൾ തിങ്കളാഴ്ച സുപ്രീംകോടതി തള്ളുകയായിരുന്നു. ഇരുവർക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പരാമർശിച്ചാണ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നിഷേധിച്ചത്. അതേസമയം, ജാമ്യാപേക്ഷ നൽകിയ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷഹാദ് അഹമ്മദ് എന്നിവർക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.


കോടതിവിധിക്ക് ശേഷം ഉമർ ഖാലിദുമായി സംസാരിച്ച കാര്യം അദ്ദേഹത്തിന്റെ പങ്കാളി ബനോജ്യോത്സ്ന ലാഹിരി എക്സിൽ പങ്കുവെച്ചു. ചൊവ്വാഴ്ച തിഹാർ ജയിലിൽ വന്ന് കാണാമെന്ന് പറഞ്ഞപ്പോൾ, "ശരി, വരൂ. ഇതിപ്പോൾ എന്റെ ജീവിതമായി മാറി," എന്നായിരുന്നു ഉമറിന്റെ മറുപടി. മറ്റുള്ളവർക്ക് ജാമ്യം ലഭിച്ചതിൽ താൻ ആശ്വാസം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.





പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ 2020 ജനുവരി 28നാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഉമർ ഖാലിദ് 2020 സെപ്റ്റംബർ 13നും അറസ്റ്റിലായി. ഇരുവരെയും യുഎപിഎ നിയമപ്രകാരമാണ് പ്രതിചേർത്തിരിക്കുന്നത്.


ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നാണ് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചത്. നാലഞ്ച് വർഷമായി വിചാരണപോലുമില്ലാതെ തടവിലാണ് ഇരുവരും. അതേസമയം, ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം സിംഗ് 2017ന് ശേഷം തന്റെ പതിനഞ്ചാമത്തെ പരോളിൽ ഇന്ന് ജയിലിന് പുറത്തിറങ്ങിയിരിക്കുന്നു. ഇത് ലജ്ജാകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും എം എ ബേബി പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home