വർഗീയശക്തികൾക്ക് കൂട്ടുനിൽക്കാതെ മതസൗഹാർദം ഉയർത്തിപിടിച്ച മധുരയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ഇടതുപക്ഷ പാർടികൾ അഭിനന്ദിച്ചു
print edition തിരുപ്പറംകുണ്ഡ്രം ദീപം തെളിക്കൽ ; വർഗീയനീക്കത്തെ അപലപിച്ച് ഇടതുപക്ഷ പാർടികൾ

ന്യൂഡൽഹി
തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം കുന്നിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച് തമിഴ്‌നാട്ടിൽ വർഗീയസംഘർഷം ആളിപ്പടർത്തുന്നതിനുള്ള ബിജെപിയുടെയും മറ്റ് ഹിന്ദുത്വ വർഗീയശക്തികളുടെയും നീക്കങ്ങളെ ഇടതുപക്ഷ പാർടികൾ ശക്തമായി അപലപിച്ചു. തമിഴ്‌നാട്ടിൽ വർഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം തിരിച്ചറിയണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ അഭ്യർഥിച്ചു.
ജീവിതോപാധികൾക്കും ഭരണഘടനാ അവകാശങ്ങൾക്കുംനേരെ മോദി സർക്കാർ തുടർന്നുവരുന്ന കടന്നാക്രമണങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി സംഘപരിവാർ പയറ്റുന്ന വർഗീയ രാഷ്ട്രീയത്തെ എല്ലാ ജനാധിപത്യ– മതനിരപേക്ഷ ചിന്താഗതിക്കാരും തള്ളിക്കളയണം. തിരുപ്പറംകുണ്ഡ്രം കുന്നിൽ മൂന്ന് ക്ഷേത്രങ്ങളും ഒരു ദർഗയും ഒട്ടനവധി പൗരാണിക ജൈന ഗുഹകളുമുണ്ട്. മതസൗഹാർദത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ബിംബമായാണ് നൂറ്റാണ്ടുകളായി ഇൗ കുന്ന് നിലനിന്നുപോന്നത്.
വിവിധ മതവിഭാഗങ്ങളിലുള്ളവർ പരസ്‌പര ബഹുമാനത്തോടെ മതാചാരങ്ങൾ നിർവഹിച്ച് പോരുകയും വിവിധ സമുദായങ്ങളിലുള്ളവർ സൗഹാർദത്തോടെ കഴിയുകയും ചെയ്‌ത സ്ഥലമാണിത്. എന്നാൽ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി നേതാക്കൾ തിരുപ്പറംകുണ്ഡ്രം കുന്നിനെ തെക്കിന്റെ അയോധ്യയാക്കി പ്രഖ്യാപിക്കുകയും പുറമേനിന്ന് ആൾക്കാരെ എത്തിച്ച് സംഘർഷത്തിന് ശ്രമിക്കുകയും ചെയ്‌തു. സമൂഹമാധ്യമങ്ങളിലൂടെയും വിദ്വേഷപ്രചാരണം നടത്തി.
ഇക്കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ദർഗയ്‌ക്ക് സമീപമുള്ള ബ്രിട്ടീഷ്‌കാലത്തെ സർവേക്കല്ലിൽ കാർത്തികദീപം തെളിക്കാൻ അനുമതി നൽകി.
ചരിത്രരേഖകളും മുൻകാല കോടതി ഉത്തരവുകളും 1991ലെ ആരാധനാലയ നിയമവുമെല്ലാം അവഗണിച്ചാണ് ഇത്തരമൊരു വിധി. സംസ്ഥാന സർക്കാരിന്റെയും ക്ഷേത്രം ഭരണസമിതിയുടെയുമെല്ലാം എതിർപ്പുകളെ അവഗണിച്ച സിംഗിൾ ബെഞ്ച് ഹർജിക്കാർക്ക് സിആർപിഎഫ് സംരക്ഷണം തേടുന്നതിനുള്ള അനുമതിയും നൽകി. ക്രമസമാധാന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള അധികാരത്തെ കൂടിയാണ് കോടതി മറികടന്നത്.
വർഗീയശക്തികൾക്ക് കൂട്ടുനിൽക്കാതെ മതസൗഹാർദം ഉയർത്തിപിടിച്ച മധുരയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ഇടതുപക്ഷ പാർടികൾ അഭിനന്ദിക്കുന്നു. സംസ്ഥാന സർക്കാരും മികച്ച നിലയിൽ വിഷയം കൈകാര്യം ചെയ്‌തു. എന്നാൽ എഐഎഡിഎംകെയെ പോലുള്ള പാർടികൾ വർഗീയശക്തികളെ പിന്തുണയ്‌ക്കുകയാണ്. മധുര എംപി സൂ വെങ്കടേശനെ ലക്ഷ്യമിട്ട് ഹിന്ദുത്വശക്തികൾ ഉയർത്തുന്ന വധഭീഷണികളെ ശക്തമായി അപലപിക്കുന്നു– ഇടതുപക്ഷ നേതാക്കൾ പ്രസ്‌താവനയിൽ അറിയിച്ചു.










0 comments