തിരുപ്പറങ്കുണ്ഡ്രം ദീപത്തൂണ്‍ ജൈന സന്ന്യാസിമാര്‍ സ്ഥാപിച്ചതാണെന്ന് ക്ഷേത്ര ഭരണ സമിതി

ചെന്നൈ: തിരുപ്പറങ്കുണ്ഡ്രം മലയിലെ ദീപത്തൂണ്‍ ജൈന സന്ന്യാസിമാര്‍ സ്ഥാപിച്ചതാണെന്ന് സുബ്രഹ്‌മണ്യക്ഷേത്ര ഭരണ സമിതി ചൈന്നൈ ഹൈക്കോടതിയെ അറിയിച്ചു. ദീപത്തൂണിൽ കാർത്തിക ദീപം കൊളുത്തണമെന്ന് പുറമേ നിന്നുള്ളവർക്ക് ആവശ്യപ്പെടാനാവില്ലെന്നും വ്യക്തമാക്കി.
മലമുകളില്‍ വിളക്കുകൊളുത്താൻ അനുവദിക്കണമെന്ന ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തങ്ങൾക്ക് പറയാനുള്ളത് കേട്ടിരുന്നില്ലെന്ന് ദർഗ ഭരണ സമിതിയും കോടതിയെ അറിയിച്ചു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിടുക്കപ്പെട്ടാണ് വിധി പറഞ്ഞതെന്നും സിക്കന്ദര്‍ ബാദുഷ ദർഗ ഭരണ സമിതി ബോധിപ്പിച്ചു.
സ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താൻ നിർദ്ദേശിച്ച് കൊണ്ട്
ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഡിസംബർ 1 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച ഒരു കൂട്ടം അപ്പീലുകളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ഹിന്ദു, മുസ്ലിം മതവിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്നതാണ് മധുരയിലെ തിരുപ്പറങ്കുണ്ഡ്രം ക്ഷേത്രം. ഈ മലമുകളിലെ സിക്കന്ദര്‍ ബാദുഷ ദർഗയ്ക്ക് അടുത്തുള്ള ദീപത്തൂണില്‍ തൃക്കാർത്തിക ദിവസം വിളക്കു കൊളുത്താന്‍ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ ബെഞ്ച് കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ അപ്പീലുകൾ സമർപ്പിക്കപ്പെട്ടത്.
കേസില്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപിയും ഡിസംബര്‍ 17-ന് ഹാജരാകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
സ്തംഭം ഒരു 'ദീപത്തൂൺ' ആണെന്ന് കാണിക്കുന്നതിനുള്ള ഒരു തെളിവും ഹർജിക്കാർ സിംഗിൾ ബെഞ്ച് ജഡ്ജിക്ക് മുന്നിൽ സമർപ്പിച്ചിട്ടില്ലെന്ന് തമിഴ് നാട് സർക്കാരും ചൂണ്ടികാട്ടി.
തിരുപ്പറങ്കുണ്ഡ്രം 'ദീപത്തൂണിന്' സമാനമായ ശിലാസ്തംഭങ്ങൾ മധുരയിലെ 'സമനാർ കുന്നുകൾ', കർണാടകയിലെ ശ്രാവണബെലഗോള എന്നിവയുൾപ്പെടെ നിരവധി കുന്നുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് എച്ച്ആർ & സിഇ ജോയിന്റ് കമ്മീഷണറെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ എൻ ജ്യോതി വ്യക്തമാക്കി.
ജൈനമതത്തിലെ ദിഗംബര വിഭാഗത്തിൽപ്പെട്ട സന്യാസിമാർ രാത്രികാലങ്ങളിൽ ചർച്ചകൾക്കായി ഈ കുന്നുകളിൽ ഒത്തുകൂടുമ്പോൾ വിളക്കുകൾ കത്തിക്കാൻ ഈ തൂണുകൾ ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞു. ഈ വിഷയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ നിരവധി പുസ്തകങ്ങൾ സമർപ്പിച്ചു.










0 comments