അഞ്ച് മാസത്തിനിടെ മൂന്നാം മരണം; ഖരഗ്പൂർ ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

കൊൽക്കത്ത: ഐഐടി ഖരഗ്പൂറിലെ ഹോസ്റ്റൽമുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീഹാറിലെ സിയോഹർ സ്വദേശി മൊഹമ്മദ് ആസിഫ് ഖമറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഐഐടി ഖരഗ്പൂർ കാമ്പസിലെ മൂന്നാം വർഷ ബി ടെക് വിദ്യാർഥിയാണ് മൊഹമ്മദ്.
ഇന്ന് പുലർച്ചെ 2.53 ഓടെയാണ് സംഭവം. വിദ്യാർഥി ജീവനൊടുക്കിയതായി ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് സെക്യൂരിറ്റി സംഘം ഹോസ്റ്റൽ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വാതിൽ പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്താണ് സെക്യൂരിറ്റി സംഘം മുറിയിൽ കയറിയതെന്നും കോളേജ് അധികൃതർ പറഞ്ഞു.
മദൻമോഹൻ മാളവ്യ ഹാളിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഡോക്ടർമാരുടെ സംഘവും കോളേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അഞ്ച് മാസത്തിനിടെ ഖരഗ്പൂർ ഐഐടിയിൽ മൂന്ന് വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ഏപ്രിൽ 20 നാണ് ഓഷ്യൻ എഞ്ചിനീയറിംഗ് ആൻഡ് നേവൽ ആർക്കിടെക്ചർ വിഭാഗത്തിലെ നാലാം വർഷ വിദ്യാർഥിയായ അനികേത് വാൾക്കറിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 12 ന് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷവോൺ മാലിക്കിന്റെ മൃതദേഹം ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയിരുന്നു. 2024 ജൂണിൽ, ബയോടെക്നോളജി, ബയോകെമിക്കൽ എഞ്ചിനീയറിംഗ് നാലാം വർഷ വിദ്യാർഥിയായ ദേവിക പിള്ള ജീവനൊടുക്കിയിരുന്നു.










0 comments