ആവിഷ്കാര സ്വാതന്ത്ര്യം തടയരുത് ; 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിന്' പ്രദര്‍ശനാനുമതി നൽകണമെന്ന് എംപിമാർ

ന്യൂഡൽഹി : അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' (The Voice of Hind Rajab) എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യത്തിൽ കേന്ദ്ര സെൻസർ ബോർഡ് (CBFC) സ്വീകരിക്കുന്ന അവ്യക്ത നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് എംപിമാർ സംയുക്തമായി കേന്ദ്ര വാർത്താവിനിമയ, ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് (CPI M), ജയറാം രമേശ് (INC), , മനോജ് കുമാർ ഝാ (RJD), ഹാരിസ് ബീരാൻ (IUML), രാം ഗോപാൽ യാദവ് (SP), ജാവേദ് അലി ഖാൻ (SP), ഡോ. സർഫറാസ് അഹമ്മദ് (JMM), രാജാത്തി (DMK) എന്നീ എംപിമാരാണ് കേന്ദ്രമന്ത്രിക്ക് കത്തയച്ചത്.
ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹാനിയ സംവിധാനം ചെയ്ത വോയ്‌സ് ഓഫ് ഹിന്ദ് റജബ് ഓസ്കാർ നോമിനേഷൻ ലഭിച്ച കൃതിയാണ്. 2024ലെ ഗാസ സംഘർഷത്തിൽ കൊല്ലപ്പെട്ട പാലസ്തീൻ ബാലികയുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയും നിരൂപക പ്രശംസയും ഈ ചിത്രം നേടിയിട്ടുണ്ട്. എന്നാൽ സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകാനാവില്ലെന്ന് കേന്ദ്ര സെൻസർ ബോർഡ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. മതിയായ കാരണങ്ങളില്ലാതെ സിനിമയുടെ പ്രദർശനം തടയുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
1952-ലെ സിനിമാറ്റോഗ്രാഫ് നിയമപ്രകാരം സുതാര്യവും യുക്തിസഹവുമായ സർട്ടിഫിക്കേഷൻ പ്രക്രിയയാണ് നടപ്പിലാക്കേണ്ടത്. വാക്കാലുള്ള നിർദ്ദേശങ്ങളിലൂടെയോ അനൗദ്യോഗികമായ വിലക്കുകളിലൂടെയോ സിനിമകൾ തടയുന്നത് ജനാധിപത്യ മൂല്യങ്ങളെ തകർക്കുമെന്ന് കത്തിൽ പറയുന്നു. നയതന്ത്ര ബന്ധങ്ങളോ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളോ സിനിമകളുടെ സർട്ടിഫിക്കേഷനെ ബാധിക്കുന്ന ഘടകങ്ങളാവരുത്. ആശയങ്ങളും ആവിഷ്കാരങ്ങളും തുറന്ന ചർച്ചകൾക്ക് വിധേയമാക്കുക എന്നതാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ ലക്ഷ്യം, അല്ലാതെ അവയെ മുൻകൂട്ടി തടയുകയല്ല വേണ്ടത്.
ഭരണഘടനാപരമായ തത്വങ്ങൾ പാലിച്ച് 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിന്' എത്രയും വേഗം സർട്ടിഫിക്കേഷൻ നൽകാൻ ആവശ്യമായ നിർദ്ദേശങ്ങൾ മന്ത്രാലയം സെൻസർ ബോർഡിന് നൽകണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.










0 comments