Deshabhimani

print edition ഗ്യാനേഷ്‌ കുമാറിന് കുരുക്ക് മുറുകി

GYANESH
avatar
എം അഖിൽ

Published on Sep 25, 2026, 01:30 AM | 1 min read

ന്യൂഡൽഹി : എസ്‌ഐആറിലൂടെ രാജ്യത്താകെ 13 കോടിയിലധികം വോട്ടർമാരെ വെട്ടിമാറ്റിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികളിലൂടെയാണെന്ന് വെളിപ്പെട്ടതോടെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്‌ കുരുക്ക്‌ മുറുകി. തെരഞ്ഞെടുപ്പ്‌ കമീഷണർമാരായ വിവേക്‌ ജോഷിയും സുഖ്‌ബിർ സിങ്‌ സന്ധുവും വഴിവിട്ട നീക്കങ്ങളെ നിരന്തരം ചോദ്യംചെയ്‌തിട്ടും ഗ്യാനേഷ്‌ കുമാര്‍ വഴങ്ങിയില്ലെന്ന വിവരമാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയ്‌ക്ക്‌ വലിയ കോട്ടം തട്ടിയെന്നും ഗ്യാനേഷ്‌ കുമാറിനെ മാറ്റണമെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു.


കേന്ദ്രസർക്കാരിനും ബിജെപിക്കും അവിഹിത നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുപ്പ്‌ പ്രക്രിയ ഗ്യാനേഷ്‌ കുമാർ അട്ടിമറിക്കുകയാണെന്ന് സ്ഥിരീകരിക്കപ്പെട്ടെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറായ ശേഷം എടുത്ത പ്രധാന തീരുമാനങ്ങൾക്ക്‌ സഹ കമീഷണർമാരുടെ പിന്തുണയുണ്ടോയെന്നത് പരിശോധിക്കണം. ഏകപക്ഷീയ തീരുമാനങ്ങൾ കമീഷന്റെ ഒ‍ൗദ്യോഗിക തീരുമാനങ്ങളെന്ന പേരിൽ നടപ്പാക്കിയതായും സംശയമുയരുന്നു. ദുരൂ‍ഹത നീങ്ങുംവരെ എസ്‌ഐആർ നിർത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട്‌ ഇടതുപക്ഷവും സിജെപിയും പ്രക്ഷോഭം പ്രഖ്യാപിച്ചു.


ഇ‍ൗ ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും അടുത്തയാഴ്‌ച നോട്ടീസ്‌ നൽകിയേക്കും. മാർച്ച്‌ 12ന്‌ ലോക്‌സഭയിലെ 130 അംഗങ്ങളും രാജ്യസഭയിലെ 63 അംഗങ്ങളും എസ്‌ഐആർ വിഷയത്തിൽ നോട്ടീസ്‌ നൽകിയെങ്കിലും സഭ തള്ളി. പുറത്താക്കാന്‍ നടപടി ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏപ്രിൽ 24ന്‌ രാജ്യസഭയിലെ 73 അംഗങ്ങൾ വീണ്ടും നൽകിയ നോട്ടീസ്‌ രാജ്യസഭാ അധ്യക്ഷന്റെ പരിഗണനയിലാണ്‌.


സുപ്രീംകോടതി ജഡ്‌ജിയെ നീക്കുന്നതിന് സമാന രീതിയിലാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറെയും നീക്കേണ്ടത്‌. ഭരണഘടനയുടെ 124(4) അനുച്ഛേദം അനുസരിച്ച്‌ സ്ഥാനത്തിന്‌ നിരക്കാത്ത പെരുമാറ്റമോ ഒ‍ൗദ്യോഗിക കൃത്യനിർവഹണത്തിന് കഴിവില്ലായ്‌മയോ തെളിയിക്കപ്പെട്ടാൽ പുറത്താക്കാനുള്ള നടപടികൾക്ക്‌ തുടക്കം കുറിക്കാം. ഗ്യാനേഷ്‌ കുമാറിന്റെ കാര്യത്തിൽ രണ്ട്‌ കാരണങ്ങളും ബാധകമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.


എസ്‌ഐആർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കമീഷണർമാർ ഗുരുതര വിയോജിപ്പുകൾ രേഖപ്പെടുത്തിയെന്ന വസ്‌തുത തെരഞ്ഞെടുപ്പ്‌ കമീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ വിശദീകരണത്തില്‍ തള്ളിയിട്ടില്ല. ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന അവകാശവാദം ഉന്നയിച്ച്‌ പിടിച്ചുനിൽക്കാനുള്ള കമീഷന്റെയും ബിജെപിയുടെയും ശ്രമങ്ങളും പരാജയപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home