Deshabhimani

print edition അസാധാരണ പ്രതിസന്ധി

EC
avatar
എം അഖിൽ

Published on Sep 25, 2026, 01:31 AM | 1 min read

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികളിൽ സഹതെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ ശക്തമായ വിയോജിപ്പുകള്‍ പുറത്തുവന്നതോടെ കമീഷന്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി. ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമീഷനിലെ രണ്ട്‌ അംഗങ്ങൾ രേഖാമൂലം ശക്തമായി എതിർത്ത നടപടികൾ ഗ്യാനേഷ്‌ കുമാർ എന്തടിസ്ഥാനത്തിൽ നടപ്പാക്കി? ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാതെ നടപ്പാക്കിയ കാര്യങ്ങൾക്ക്‌ നിയമസാധുതയുണ്ടോ? എന്നീ ചോദ്യങ്ങളാണ്‌ ഉയരുന്നത്‌.


ഗ്യാനേഷ്‌ കുമാറിന്റെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ്‌ കമീഷൻ എടുത്ത തീരുമാനങ്ങൾക്ക്‌ ഭൂരിപക്ഷ പിന്തുണയുണ്ടോയെന്ന വസ്‌തുത പരിശോധിക്കണമെന്ന്‌ മുൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറായ എസ്‌ വൈ ഖുറേഷി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. 2023ൽ പ്രാബല്യത്തിൽ വന്ന മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെയും മറ്റ്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെയും നിയമനം, സേവനവ്യവസ്ഥ, കാലാവധി സംബന്ധിച്ച നിയമത്തിലെ 18ാം വകുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന്‌ വ്യവസ്ഥകളുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനങ്ങൾ കഴിയുന്നത്ര ഏകകണ്‌ഠമായി നടപ്പാക്കണം, അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ, ഭൂരിപക്ഷം അനുസരിച്ച്‌ അന്തിമതീരുമാനം കൈകൊള്ളണം എന്നാണ്‌ വ്യവസ്ഥ. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല; അങ്ങനെ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അത്‌ നിയമപ്രകാരം അസാധുവാകും.


1993ലാണ്‌ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ്‌ കമീഷനെ സ്ഥിരമായ ബഹുഅംഗ ഭരണഘടനാസ്ഥാപനമാക്കി മാറ്റിയത്‌. അന്ന്‌ ഇ‍ൗ തീരുമാനത്തിനെതിരെ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറായിരുന്ന ടി എൻ ശേഷൻ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ ഒരിക്കലും ഭരണഘടനാസ്ഥാപനത്തിന്‌ മുകളിൽ കയറി ഇരിക്കാനാകില്ലെന്ന പ്രധാനപ്പെട്ട നിരീക്ഷണം കോടതി നടത്തി. ‘ ഒരാൾ സേവിക്കേണ്ട സ്ഥാപനത്തിന്‌ മുകളിൽ അയാൾക്ക്‌ സ്ഥാനമുണ്ടാകാൻ കഴിയില്ല.


സ്ഥാപനത്തേക്കാൾ വലുതായി വ്യക്തിയെ ചിത്രീകരിക്കുന്നത്‌ ഗുരുതരമായ തെറ്റാണ്‌’ എന്നാണ്‌ അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ എ എം അഹമ്മദി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ നിരീക്ഷിച്ചത്‌. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ പറഞ്ഞിട്ടുള്ള അതേ മട്ടിലാണ്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ പദവിയിലെ ഗ്യാനേഷ്‌കുമാറിന്റെ ഇടപെടലുകളെന്ന വിമർശം ശക്തമാണ്‌. ഗ്യാനേഷ്‌കുമാർ ഏകപക്ഷീയമായി എടുത്ത നടപടികള്‍ സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home