കോൺഗ്രസുമായി സഖ്യമില്ല; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഒന്നിക്കാൻ ശിവസേനയും എംഎൻഎസും

മുംബൈ: തെരഞ്ഞെടുപ്പിൽ രണ്ട് പതിറ്റാണ്ടിന്റെ രാഷ്ട്രീയ വൈരം അവസാനിപ്പിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും. വരാനിരിക്കുന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) - എംഎൻഎസ് സഖ്യമായി മത്സരിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു.
മുംബൈയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം ഉണ്ടായത്. മുംബൈയ്ക്ക് ഒരു മറാത്തി മേയറെ ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നാണ് രാജ് താക്കറെയുടെ പ്രഖ്യാപനം.
ഐക്യമില്ലെങ്കിൽ തകർച്ചയുണ്ടാകുമെന്ന സൂചന നൽകി 'ബട്ടേംഗെ തോ കട്ടേംഗെ' (വിഭജിക്കപ്പെട്ടാൽ നശിക്കും) എന്ന മുദ്രാവാക്യമാണ് ഉദ്ധവ് താക്കറെ സഖ്യത്തിനായി ഉയർത്തിയത്. മറാത്തി സ്വത്വ രാഷ്ട്രീയത്തിന് ഊന്നൽ നൽകിയുള്ള നീക്കം ബിജെപി - ഷിൻഡെ സഖ്യത്തിന് വലിയ വെല്ലുവിളിയാകും.
ജനുവരി 15-നാണ് ബിഎംസി തിരഞ്ഞെടുപ്പ് നടക്കുന്നത്. മുംബൈ കൂടാതെ നാസിക് ഉൾപ്പെടെയുള്ള മറ്റ് മുനിസിപ്പൽ ബോഡികളിലും സഖ്യം നിലവിൽ വരും. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായും സൂചനയുണ്ട്.
ഏകദേശം 150 സീറ്റുകളിൽ ശിവസേനയും (യുബിടി) 70-ഓളം സീറ്റുകളിൽ എംഎൻഎസും മത്സരിക്കാനാണ് സാധ്യത. ശരദ് പവാർ വിഭാഗം എൻസിപി ഈ സഖ്യത്തിന്റെ ഭാഗമായേക്കും.
ബാൽ താക്കറെയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനും മറാത്തി വോട്ടുകൾ ഭിന്നിച്ചു പോകുന്നത് തടയാനുമാണ് ഒത്തുചേരലിനാണ് വാദം. ഷിൻഡെ വിഭാഗം ശിവസേനയ്ക്കും ബിജെപിക്കും മുംബൈയിലെ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് ഈ പുതിയ സഖ്യം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം വ്യത്യസ്ത മുന്നണികളുടെ ഭാഗമായിരുന്ന ഇരുവിഭാഗങ്ങളും ഒന്നിക്കുന്നത് വിമർശനങ്ങളും നേരിടുന്നുണ്ട്.










0 comments