ad
Deshabhimani

പുതിയ ഭരണ സമിതി അധികാരമേറ്റിട്ട് ആറ് ദിവസം, മണിപ്പൂരിലെ ഉക്രൂലിൽ കുക്കി നാഗ സംഘര്‍ഷം

ukrul
വെബ് ഡെസ്ക്

Published on Feb 09, 2026, 12:48 PM | 2 min read

ഇംഫാൽ:രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് ബി ജെ പി നേതൃത്വത്തിൽ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ മണിപ്പൂരിൽ ഗോത്ര വര്‍ഗ്ഗങ്ങൾ തമ്മിൽ പുതിയ സംഘര്‍ഷം ഉടലെടുത്തു. മ്യാൻമാര്‍ അതിര്‍ത്തിക്ക് ചേര്‍ന്നുള്ള ഉക്രൂൽ ജില്ലയിൽ തങ്ഖുൽ നാഗ സമുദായ അംഗത്തെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം രൂക്ഷമായത്. സായുധരായ തീവ്രവാദികൾ നിരവധി വീടുകൾ കത്തിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.


ഞായറാഴ്ച വൈകുന്നേരം ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിൽ തീവ്രമായ കല്ലേറുണ്ടായി. ഇവിടെ കലാപം നിയന്ത്രിക്കാൻ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കയാണ്. മെയ്തേയ് കുക്കി സംഘര്‍ഷത്തിൽ ഇതുവരെ നാഗ വിഭാഗങ്ങൾ ഭാഗമായിരുന്നില്ല. അവര്‍ സമാധാനം കാത്തു വരികയായിരുന്നു.


തിങ്കളാഴ്ച അർദ്ധരാത്രി ലിതാൻ സരീഖോങ്ങിൽ തങ്ഖുൽ നാഗ സമുദായ അംഗങ്ങളുടെ നിരവധി വീടുകൾക്ക് തീയിട്ടു. ഇതിന് പിന്നിൽ കുക്കി തീവ്രവാദികളാണെന്ന് ആരോപിച്ച് കുക്കി സമുദായത്തിൽപ്പെട്ടവരുടെ ഏതാനും വീടുകളും സമീപത്തുള്ള പ്രദേശത്ത് അഗ്നിക്കിരയാക്കി. ഇതോടെ സംഘര്‍ഷം മറ്റു ഭാഗങ്ങിലേക്കും പടര്‍ന്നു. ലിറ്റാൻ സരീഖോങ് ഗ്രാമത്തിൽ ഏറ്റുമുട്ടിയ രണ്ട് ഗോത്ര വിഭാഗങ്ങളെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.


മണിപ്പൂരിലെ ഏറ്റവും വലിയ നാഗ ഗോത്രമാണ് തങ്ഖുൽ. ലിതാൻ സരീഖോങ് ഉക്രൂലിലെ ഒരു കുക്കി ഗ്രാമമാണ്.


പുതിയ ഭരണം പുതിയ കലാപം


മണിപ്പൂരിൽ ബുധനാഴ്ചയാണ് ബിജെപി എംഎൽഎ യും മുൻ മന്ത്രിസഭയിലെ രണ്ടാമനുമായ നാം ഖേം ചന്ദ് സിംഗ് സംസ്ഥാനത്തെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയിൽ കുക്കി സമൂഹത്തിൽപ്പെട്ട ബിജെപി എംഎൽഎ നെംച കിപ്ഗൻ, നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎ എൽ ദിഖോ എന്നിവരെ ഉപമുഖ്യമന്ത്രിമാരായി നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ ഇവര്‍ക്കെതിരെ സ്വ ഗോത്രത്തിൽ നിന്നു തന്നെ ഭീഷണിയും നിലനിൽക്കുന്നു.


സംസ്ഥാനം 2025ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലായിരുന്നു. നേരത്തെ കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമനും പിന്നീട് ബിജെപി മുന്നണിയിലെത്തി, മുഖ്യമന്ത്രി പദവിയിൽ അവരോധിക്കപ്പെടുകയും ചെയ്ത എൻ ബിരേൻ സിങ് ഭരണത്തിലിരിക്കെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപച്ചത്. കുക്കി മെയ്തെയ് കലാപത്തിന് പിന്നാലെയായിരുന്നു ഇത്.


രണ്ടു വര്‍ഷമായി തുടരുന്ന സംഘര്‍ഷം

മെയ്‌തെയി ഭൂരിപക്ഷ സമൂഹം പട്ടികവർഗ (ST)പദവി ആവശ്യപ്പെട്ടതിനെതിരെ 2023മെയ് 3-ന് ഹിൽ ഡിസ്ട്രിക്കുകളിൽ സംഘടിപ്പിച്ച ആദിവാസി ഐക്യദാർഢ്യ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടികൾക്ക് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ ആരംഭിച്ചത്. എൻ ഡി എ രണ്ട് ടേം ഭരണത്തിൽ ഇരുന്നതോടെ ഗോത്ര വര്‍ഗ്ഗങ്ങൾ തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചു. വിദ്വേഷം പടര്‍ത്തി ഇവരെ വിഭജിച്ചതോടെ സംഘര്‍ഷങ്ങൾ പതിവായി.


മെയ്തെയി വിഭാഗത്തിന് എസ് ടി സംവരണം അനുവദിച്ച ഒരു കോടതി വിധിക്ക് പിന്നാലെയായിരുന്നു പ്രതിഷേധങ്ങൾ പുറത്തെത്തിയത്. സംഘര്‍ഷങ്ങളിൽ ഇതുവരെ കുക്കി,മെയ്‌തെയി വിഭാഗങ്ങളിലെ അംഗങ്ങളും സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ കുറഞ്ഞത് 260പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home