യുഎസിലെ വാഹനാപകടത്തിൽ തെലങ്കാന സ്വദേശി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

മിസോറി: യുഎസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തെലങ്കാന സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സർക്കാർ സഹായം തേടി. തെലങ്കാന മഹബൂബാബാദ് ജില്ലയിലെ മാരിപേഡ മണ്ഡലം സ്വദേശിനി 31 കാരിയാണ് അമേരിക്കയിലെ മിസോറിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഞായർ പുലർച്ചെ 2.20യോടെ സെന്റ് ലൂയിസിലെ റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിൽ നിന്നെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. സുപ്രിയ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കൊടാട് സ്വദേശിനിയായ മറ്റൊരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഫ്റ്റ്‍വെയർ ജീവനക്കാരനായ കൊടുമുറി രഞ്ജിത്താണ് സുപ്രിയയുടെ ഭർത്താവ്. വിവാഹശേഷം ദമ്പതികൾ മിസോറിയിലായിരുന്നു താമസം. ഇവർക്ക് രണ്ടര വയസുള്ള മകനുണ്ട്. സുപ്രിയയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് കുടുംബം. മകളുടെ മൃതദേഹം ഇന്ത്യയിലെത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടത്താൻ സഹായിക്കണമെന്ന് പിതാവ് ദാരം ശ്രീനിവാസ് സർക്കാരിനോട് ആവശ്യപ്പെട്ടു.








0 comments