ബ്രിട്ടൻ വ്യോമതാവളത്തിൽനിന്ന് യുഎസ് ബോംബർ വിമാനങ്ങൾ പിൻവലിച്ചു

ബി-1 ബോംബർ വിമാനം
വാഷിങ്ടൺ: ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി പെന്റഗൺ സ്ഥിരീകരിച്ചു. വ്യോമതാവളത്തിന് സമീപം സംശയാസ്പദമായ സംഭവത്തെ തുടർന്ന് പ്രദേശത്തെ 85 വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
നിരവധി വാനുകളുമായി മുഖംമൂടി ധരിച്ച സംഘം സംശയാസ്പദമായി നീങ്ങുന്നതായി പ്രദേശത്തെ കർഷകൻ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വാനുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ലെങ്കിലും പെട്രോൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലണ്ടൻ സ്വദേശികളായ അഞ്ച് പേരെ പിന്നീട് ജാമ്യത്തിൽ വിട്ടു. വാനുകളിൽ ബാരലുകളും വ്യാജ കമ്പനി ലോഗോയും ഫോൺ നമ്പറും കണ്ടെത്തിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വ്യോമതാവളത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.









0 comments