തെലങ്കാനയിൽ തദ്ദേശ വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 52 ലക്ഷം വോട്ടർമാർ

ഹൈദരാബാദ്: തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 5 വരെ തുടരും. ആകെ 13,000-ത്തോളം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 52 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തുകളിലെത്തും. ഇതിൽ 26.67 ലക്ഷം സ്ത്രീകളും 25.50 ലക്ഷം പുരുഷന്മാരുമാണ്.
തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 41,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 13-നാണ് വോട്ടെണ്ണൽ.
സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസിനും പ്രതിപക്ഷമായ ബിആർഎസിനും ബിജെപിക്കും ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം തദ്ദേശ തലത്തിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്.
അതേസമയം, നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയിൽ നിന്ന് കരകയറാൻ കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് ഈ പോരാട്ടത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
കോൺഗ്രസിനും ബിആർഎസിനും പകരമായി സംസ്ഥാനത്ത് സാന്നിധ്യമാകാനാണ് ബിജെപിയുടെ ശ്രമം. വോട്ടെടുപ്പ് പ്രമാണിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യവസായ ശാലകൾക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments