ഹോട്ടൽ വ്യവസായിയുടെ കൊലപാതകത്തിൽ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ

ഭർത്താവിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ യുവതിയും ഇവരുടെ ആൺസുഹൃത്തായ യുവാവും
നാഗർകർണൂൽ: തെലങ്കാനയിലെ നാഗർകർണൂലിൽ ഹോട്ടൽ വ്യവസായി മുഹമ്മദ് കരീമിന്റെ (43) കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയുടെ അവിഹിതബന്ധവും സ്വത്ത് തർക്കവുമെന്ന് പൊലീസ്. കേസിൽ കരീമിന്റെ ഭാര്യ സലീമ ബീഗം (36), ഇവരുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന എംഡി ഗൗസ് പാഷ (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാംനഗർ കോളനി സ്വദേശിയായ കരീമിനെ സെപ്തംബർ ഏഴിനാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സലീമയും ഗൗസ് പാഷയും രണ്ട് വർഷത്തോളമായി ബന്ധത്തിലായിരുന്നുവെന്നും ഇതറിഞ്ഞ കരീം എതിർത്തതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കരീം നേരത്തെ തന്റെ സ്വത്ത് ഭാര്യയുടെ പേരിലേക്ക് മാറ്റിയിരുന്നു. കരീമിനെ കൊലപ്പെടുത്തിയാൽ സ്വത്ത് തങ്ങൾക്ക് തന്നെ ലഭിക്കുമെന്ന ധാരണയിൽ ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തതായാണ് പൊലീസ് പറയുന്നത്.
സെപ്തംബർ ഏഴിന് പുലർച്ചെ 2.30 ഓടെ കയ്യുറകളും കത്തിയുമായി ഗൗസ് കരീമിന്റെ വീട്ടിലെത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. വാതിൽ തുറന്ന കരീമിനെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കത്തി, വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
കരീമിന്റെ സഹോദരൻ ഹുസൈൻ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നതായും പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു.









0 comments