നിവിൻ പോളിവുഡ്: റെക്കോഡുകൾ തകർത്ത് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', ഇൻഡസ്ട്രി ഹിറ്റ്

ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ പോസ്റ്റർ (ഇടത്) നിവിൻ പോളി, മമിത ബൈജു (ഇടത്)| Photo:Social Media
കൊച്ചി : നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. 305 കോടി രൂപ ആഗോള കളക്ഷൻ നേടിയ ചിത്രം മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി. കേരള ബോക്‌സ് ഓഫീസിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ചിത്രം 131 കോടി രൂപയാണ് കേരളത്തിൽ നിന്ന് നേടിയതെന്നാണ് റിപ്പോർട്ട്.
‘വാഴ 2’നെ മറികടന്നാണ് ചിത്രം കേരളത്തിലെ ഏറ്റവും വലിയ ഗ്രോസറായി മാറിയത്. തമിഴ്, തെലുങ്ക് പതിപ്പുകൾക്കും ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മികച്ച പ്രതികരണം തുടരുകയാണ്. ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഇപ്പോഴും തുടരുന്നുണ്ട്.
നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സർവ്വം മായ’. ഇപ്പോഴിതാ കരിയറിലെ ആദ്യ 300 കോടി ചിത്രമെന്ന നേട്ടവും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കി.
ബുക്ക്‌മൈഷോയിൽ നിലവിൽ മണിക്കൂറിൽ 8600ലേറെ ടിക്കറ്റുകൾ ചിത്രം വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിന് വിഷ്ണു വിജയാണ് സംഗീതം ഒരുക്കിയത്. അജ്മൽ സാബുവാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിച്ചു.
മമിത ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.









0 comments