തേജസ് വിമാനാപകടം: പൈലറ്റിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു; ഐഎഎഫ് ആദരാഞ്ജലി അർപ്പിച്ചു

ന്യൂഡൽഹി: ദുബായ് എയർ ഷോയിൽ യുദ്ധവിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാൻഷ് സിയാൽലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യൻ വ്യോമസേന (ഐഎഎഫ്)യും യു എ ഇ പ്രതിരോധ സേനയും അദ്ദേഹത്തിന് അന്തിമാഭിവാദ്യമർപ്പിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതേദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
യുഎഇ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ഔദ്യോഗിക യാത്രയയപ്പിൽ പങ്കെടുത്തു. നമാൻഷ് സമർപ്പിതനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഐഎഫ് അനുശോചന സന്ദേശത്തിൽ കുറിച്ചു. അപകടത്തിൽ ഐഎഎഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 22ന് ദുബായ് എയര്‍ ഷോയിലെ അഭ്യാസപ്രകടനത്തിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. സമാപനദിവസമായ വെള്ളിയാഴ്‌ച ദുബായ് വേള്‍ഡ് സെൻട്രലിലെ അല്‍മക്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമാണ് ഇന്ത്യൻ സമയം പകൽ 3.40 ഓടെ ദാരുണമായ അപകടമുണ്ടായത്. താഴ്‍ന്ന് പറക്കലിലെ കരണംമറിയൽ അഭ്യാസപ്രകടനത്തിനുശേഷം വിമാനം നിയന്ത്രണം നഷ്‌ടപ്പെട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് നിര്‍മിച്ചത്. എയര്‍ഷോയിലെ പ്രദര്‍ശനത്തിനിടെ തേജസ് വിമാനത്തിന് ഓയില്‍ ചോര്‍ച്ച ഉണ്ടായതായി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം വ്യാഴാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന തേജസ് യുദ്ധവിമാനം രണ്ടുവർഷത്തിനിടെ അപകടത്തിൽപ്പെട്ടത് രണ്ടാം തവണ. 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ തേജസ് തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. റഷ്യൻ നിർമിത മിഗ്–21 വിമാനങ്ങൾ ഒഴിവാക്കിയതിന് പകരമായാണ് തേജസ് വ്യോമസേനയുടെ ഭാഗമാക്കിയത്. എയ്‌റോനോട്ടിക്കൽ ഡവലപ്പ്‌മെന്റ് ഏജൻസി വികസിപ്പിച്ച മാതൃകപ്രകാരമാണ് വിമാനത്തിന്റെ നിർമാണം.










0 comments