ലൈംഗികാരോഗ്യത്തിന് ചികിത്സ; ടെക്കിക്ക് നഷ്ടമായത് 48 ലക്ഷം രൂപ; വൃക്ക തകരാറിലായി

പ്രതീകാത്മകചിത്രം
ബംഗളൂരൂ : ലൈംഗികാരോഗ്യത്തിന് ചികിത്സ തേടിയ ടെക്കിക്ക് നഷ്ടമായത് 48 ലക്ഷം രൂപ. ബംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കാണ് വ്യാജ ചികിത്സയിൽ പണം നഷ്ടപ്പെട്ടത്. വ്യാജ ചികിത്സകൻ നൽകിയ മരുന്ന് കഴിച്ച് വൃക്ക തകരാറിലായതായും പരാതിയിൽ പറയുന്നു. ശിവമോഗ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
ചികിത്സ നൽകിയ വ്യക്തിക്കും മെഡിക്കൽ ഷോപ്പ് ഉടമയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ലൈംഗിക പ്രശ്‌നങ്ങൾക്കായി പരാതിക്കാരൻ ആദ്യം കെങ്കേരിയിലെ ഒരു മൾട്ടി- സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് ലൈംഗിക പ്രശ്‌നങ്ങൾക്ക് "വേഗത്തിലുള്ള ചികിത്സ" നൽകുമെന്ന് അവകാശപ്പെടുന്ന താൽക്കാലിക ചികിത്സാ കേന്ദ്രത്തിന്റെ പരസ്യം കണ്ട യുവാവ് പ്രസ്തുത സ്ഥാപനത്തെ സമീപിച്ചു.
വിജയ് ഗുരുജി എന്നയാളാണ് ചികിത്സ നടത്തിയത്. പരിശോധനകൾക്ക് ശേഷം യുവാവിന് ഇയാൾ കഷായം നിർദ്ദേശിച്ചു. ഹരിദ്വാറിൽ നിന്ന് കൊണ്ടുവന്നതാണെന്നും യശ്വന്ത്പൂരിലെ ആയുർവേദ കടയിൽ ലഭ്യമാണെന്നും വിജയ് ഗുരുജി അവകാശപ്പെട്ടു. ഡിജിറ്റൽ പണമടയ്ക്കൽ ലഭ്യമല്ലെന്നും മുഴുവൻ പണവും നൽകണമെന്നും പറഞ്ഞതിനാൽ യുവാവ് ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും ലോൺ എടുത്തുമാണ് പണം നൽകിയത്. ഗ്രാമിന് 1.6 ലക്ഷം രൂപയും 2.6 ലക്ഷം രൂപയും വില വരുന്ന മരുന്നുകളാണെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ആകെ 48 ലക്ഷം രൂപ യുവാവ് മരുന്നുകൾക്കായി മുടക്കി.
പണം ചെലവഴിച്ചിട്ടും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാഞ്ഞതിനെത്തുടർന്ന് യുവാവ് വീണ്ടും വ്യാജ ചികിത്സകനെ സമീപിച്ചു. മറ്റു ചില മരുന്നുകൾ കൂടി കഴിക്കണമെന്നും മരുന്ന് പാതിവഴിയിൽ നിർത്തിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും ഇവർ യുവാവിനെ ഭീഷണിപ്പെടുത്തി. പിന്നാലെ യുവാവ് മറ്റൊരു ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്ന് കഴിച്ച് വൃക്ക തകരാറിലായതായി കണ്ടെത്തിയത്. പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.










0 comments