ചന്ദ്രശേഖരന് പകരം ആര്? ടാറ്റ സൺസ് ബോർഡ് മീറ്റിങ് സെപ്തംബർ 17ന്

മുംബൈ : അധികാരത്തർക്കവും അഭിപ്രായ ഭിന്നതയും രൂക്ഷമായതിനുപിന്നാലെ ടാറ്റ സൺസ് ഡയറക്ടർ ബോർഡ് മീറ്റിങ് സെപ്തംബർ 17ന് ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചെയർമാൻ എൻ ചന്ദ്രശേഖരൻ രാജി വച്ചതിനുശേഷമുള്ള ആദ്യ മീറ്റിങ്ങാണിത്. ചന്ദ്രശേഖരന്റെ പിന്മാറ്റവും പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടികളും യോഗത്തിൽ പ്രധാന ചർച്ചയായേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗിക അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചന്ദ്രശേഖരൻ പടിയിറങ്ങുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പാണ് 17ന് മീറ്റിങ്ങ് തീരുമാനിച്ചതെന്നും അതിനാൽ പിൻമാറ്റമടക്കമുള്ള വിഷയങ്ങൾ ചർച്ചയാവില്ലെന്നും റിപ്പോർട്ടുണ്ട്. പ്രതിനിധികളെത്താത്തതിനാൽ 18ന് നടക്കേണ്ടിയിരുന്ന ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗവും മാറ്റിവച്ചിരുന്നു. ഇതിന്റെ പുതിയ തിയതിയും മീറ്റിങ്ങിൽ തീരുമാനിച്ചേക്കും.
2027 ഫെബ്രുവരിയിൽ രണ്ടാം കാലാവധി അവസാനിക്കാനിരിക്കെയാണ് ആഗസ്ത് 12ന് എൻ ചന്ദ്രശേഖരൻ രാജിവെച്ചത്. ചന്ദ്രശേഖരനു പുറമെ നോയൽ ടാറ്റ, വേണു ശ്രീനിവാസൻ, ഹർഷ് മൻവാനി, അനിത എം ജോർജ്, സൗരഭ് അഗർവാൾ എന്നിവരാണ് അംഗങ്ങൾ. നോയൽ ടാറ്റ ഒഴികെയുള്ള മറ്റ് അംഗങ്ങൾ ചന്ദ്രശേഖരന് മൂന്നാം കാലാവധി നൽകുന്നതിനെ പിന്തുണച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ടാറ്റ സൺസിന്റെ 51.5 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്ന സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് (SDTT) പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി വിവരമുണ്ട്. ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും (SRTT) സംയുക്ത പ്രതിനിധി പങ്കെടുക്കാഞ്ഞതിനാലാണ് 18ലെ പൊതുയോഗം മാറ്റിവച്ചത്.
സർ രത്തൻ ടാറ്റ ട്രസ്റ്റിന് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര ചാരിറ്റി കമീഷണർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ടാറ്റ സൺസിന്റെ ചട്ടപ്രകാരം സർ രത്തൻ ടാറ്റ ട്രസ്റ്റും സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും ചേർന്നാണ് പുതിയ ചെയർമാനെ ശുപാർശ ചെയ്യുന്ന സെലക്ഷൻ കമ്മിറ്റിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടത്. ഈ പ്രശ്നത്തിനുള്ള പരിഹാരങ്ങളും 17ലെ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.










0 comments