print edition സ്‌റ്റാലിൻ സ്റ്റെെൽ തുടരും

റിതിന്‍ പൗലോസ്
Published on Mar 16, 2026, 12:00 AM | 2 min read
ന്യൂഡൽഹി: ഒറ്റഘട്ടമായി ഏപ്രിൽ 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യസർക്കാരിന്റെ ഭരണത്തുടർച്ച ഏറെക്കുറെ ഉറപ്പാണ്. മുഖ്യമന്ത്രി എം കെ സ്‌റ്റാലിന് കീഴിൽ ഡിഎംകെ സഖ്യം സുശക്തമായി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്പോൾ ബിജെപിയെ വീണ്ടും കൂട്ടുപിടിച്ച എഐഡിഎംകെ സ്വന്തം കോട്ട കാക്കാനുള്ള തത്രപ്പാടിലാണ്.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്‌തൻ ഒ പനീർശെൽവത്തെ ഡിഎംകെ പാളയത്തിലെത്തിച്ച സ്റ്റാലിന്റെ നീക്കത്തിൽ എഐഡിഎംകെയ്‌ക്കും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമിക്കും നടുക്കംവിട്ടുമാറിയിട്ടില്ല. ഇതിന് പുറമേ മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല, ഓൾ ഇന്ത്യ പുരട്ചി തലൈവർ മക്കൾ മുന്നേറ്റ കഴകം രൂപീകരിച്ച് മത്സരിക്കാൻ തീരുമാനിച്ചത് എഐഡിഎംകെ വോട്ടുകൾ പിളർത്തും.
അന്തരിച്ച വിജയ്‌കാന്തിന്റെ പാർടിയായ ഡിഎംഡികെ, ഡിഎംകെ മുന്നണിയിൽ എത്തിയതും എഐഡിഎംകെ –ബിജെപി സഖ്യത്തിന് ഷോക്ക് സമ്മാനിച്ചു. പത്തുശതമാനത്തോളം വോട്ട് പാർടിക്കുണ്ട്. സിപിഐ എം, സിപിഐ തുടങ്ങിയ ഇടതുപാർടികൾക്ക് ശക്തമായ സ്വാധീനമുള്ള തമിഴ്‌നാട്ടിൽ ബഹുജന പിന്തുണ കൂടുതൽ ആർജിക്കാൻ ഡിഎംകെ സഖ്യത്തിന് ഇതിലൂടെ കഴിയും.
നടൻ വിജയ്, തമിഴ് വെട്രി കഴകം രൂപീകരിച്ച് ‘മാസ് എൻട്രി’ നടത്തിയെങ്കിലും കാര്യമായി ഏശിയില്ല. 41 പേരുടെ മണത്തിനിടയാക്കിയ കരൂർ ദുരന്തം വിജയ് എന്ന രാഷ്‌ട്രീയ നേതാവിന്റെ പൊള്ളത്തരം വെളിച്ചത്തുകൊണ്ടുവന്നു.
കരുത്തോടെ ഡിഎംകെ
കേരളത്തിന് സമാനമായി കേന്ദ്രസർക്കാർ സാന്പത്തിക ഉപരോധം ഏർപ്പെടുത്തിയ തമിഴ്‌നാട്ടിൽ സ്‌റ്റാലിൻ ഉയർത്തിയ ബിജെപി വിരുദ്ധ രാഷ്‌ട്രീയത്തിന് ജനങ്ങളിൽ വലിയ സ്വാധീനമുണ്ട്. ഡൽഹിയും തമിഴ്‌നാടും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന ആഖ്യാനമാണ് തെരഞ്ഞെടുപ്പിന് ഡിഎംകെ നൽകുന്നത്.
സ്‌ത്രീകൾക്ക് മാസം ആയിരം രൂപ നൽകുന്ന കലൈഞ്ജർ പദ്ധതി, സൗജന്യ ബസ് യാത്ര, സ്‌കൂളുകളിലെ മികച്ച ഉച്ചഭക്ഷണ പദ്ധതി, ആരോഗ്യമേഖലയിലെ മുന്നേറ്റം തുടങ്ങിയവ വോട്ടാകുമെന്നാണ് ഡിഎംകെയുടെ ആത്മവിശ്വാസം.
പ്രതിപക്ഷം ചിതറി
വിജയ്, ശശികല എന്നിവരുടെ രാഷ്‌ട്രീയ പ്രവേശം ഏറ്റവും കൂടുതൽ നാശം വിതയ്‌ക്കുക എഐഡിഎംകെയ്‌ക്കാകും. എംജിആർ, ജയലളിത എന്നിവർക്ക് സമാനമായ ചലനം സൃഷ്‌ടിക്കുകയെന്ന വിജയ്‌യുടെ ലക്ഷ്യത്തിന് എടപ്പാടി വലിയ വില നൽകേണ്ടി വന്നേക്കാം. പാർടിക്ക് നിലവിലുള്ള 62 സീറ്റ് നിലനിർത്താൻ എടപ്പാടിക്ക് കഴിയുമോ എന്നതിലും സംശയമുണ്ട്. നാല് സീറ്റുള്ള ബിജെപി തമിഴ്‌രാഷ്‌ട്രീയത്തിൽ നിർണായക ശക്തിയല്ല.










0 comments