ദുരഭിമാനക്കൊലയ്‌ക്കെതിരെ നിയമവുമായി തമിഴ്നാട്; കമ്മീഷനെ നിയമിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ നടക്കുന്ന ദുരഭിമാനക്കൊലകൾക്കെതിരെ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. നിയമം നടപ്പാക്കാനുള്ള നിർദേശങ്ങൾക്കായി കമ്മീഷനെ നിയമിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എം ബാഷയുടെ നേതൃത്വത്തിൽ ഇതിനെതിരെ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു.
നമ്മുടെ നാട്ടിലെ യുവാക്കളെ ജാതിയുടെയും കുടുംബാഭിമാനത്തിന്റെയും പേരിൽ കൊല്ലുന്നത് കണ്ടുനിൽക്കാനാകില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. സർക്കാർ ഇതിനെ കയ്യും കെട്ടി നോക്കി നിൽക്കില്ല. ദുരഭിമാനക്കൊല തടയുന്നതിനുള്ള പ്രത്യേക നിയമം കൊണ്ടുവരാൻ തമിഴ്നാട് മുന്നോട്ടുവരും. ഇന്ത്യൻ ശിക്ഷാനിയമത്തിൽ കൊലപാതകവും ആത്മഹത്യ പ്രേരണാക്കുറ്റവും ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാലും ദുരഭിമാനക്കൊലകൾക്ക് വേണ്ടി പ്രത്യേകം നിയമനിർമാണത്തിന്റെ ആവശ്യമുണ്ട്. ജാതിയുടെയും സമുദായത്തിന്റെയും വ്യത്യാസം നോക്കാതെ വ്യക്തികൾക്ക് ഭയമില്ലാതെ തന്നെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. ഇത് സംരക്ഷിക്കാനാണ് സർക്കാർ പ്രത്യേക നിയമനിർമാണം നടത്താനുദ്ദേശിക്കുന്നത്. ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നേരെയുളള ആക്രമണമാണ് ഇത്തരം കൊലപാതകങ്ങൾ.
എല്ലാക്കാലവും ജാതിയുടെ പേരിലുള്ള അടിച്ചമർത്തലുകൾ ചെറുത്തുനിന്ന സമൂഹമാണ് തമിഴ്നാട്, ജാതിക്കും മതത്തിനുമതീതമായ വിവാഹങ്ങളെ ശിക്ഷിക്കാതെ ആഘോഷിക്കേണ്ട സമൂഹമാണ് നമ്മളെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ദുരഭിമാനക്കൊലകൾ രാജ്യത്ത് ഏറിവരുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.









0 comments