'തമിഴ്‌നാട് വിജയിക്കും, എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണം': എം കെ സ്റ്റാലിൻ

ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ സംസാരിക്കുന്നു (Photo: ANI)
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എം കെ സ്റ്റാലിൻ ചെന്നൈയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. "ഞാൻ എന്റെ അവകാശം വിനിയോഗിച്ചതുപോലെ, എല്ലാവരും അവരുടെ ജനാധിപത്യ കടമ നിറവേറ്റണം, അത് പ്രധാനമാണ്... തമിഴ്‌നാട് വിജയിക്കും"- വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റാലിൻ പ്രതികരിച്ചു. ഇന്ന് രേഖപ്പെടുത്തുന്ന ഓരോ വോട്ടും തമിഴ്‌നാടിന്റെ ഭാവി സംരക്ഷിക്കാനുള്ള പരിചയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഓരോ വ്യക്തിയുടെയും ഭാവി നിശ്ചയിക്കുന്നത് ഈ വോട്ടാണ്. ജനാധിപത്യം, മതനിരപേക്ഷത, സംസ്ഥാനത്തിന്റെ അവകാശങ്ങൾ, സമത്വം, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോ വോട്ടും കരുത്താവണമെന്ന് സ്റ്റാലിൻ ആഹ്വാനം ചെയ്തു. "തമിഴ്‌നാട് വോട്ട് ചെയ്യും; തമിഴ്‌നാട് വിജയിക്കും" എന്ന ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ഉപമുഖ്യമന്ത്രിയും ചെപ്പോക്ക് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഉദയനിധി സ്റ്റാലിൻ, കുടുംബാംഗങ്ങൾ എന്നിവർ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻബനിധി ഇത്തവണ കന്നി വോട്ട് രേഖപ്പെടുത്തി. സ്വന്തം തട്ടകമായ കൊളത്തൂരിൽ നിന്നാണ് എം കെ സ്റ്റാലിൻ ഇത്തവണയും ജനവിധി തേടുന്നത്.
ടിവികെ നേതാവ് വി എസ് ബാബു, എഐഎഡിഎംകെ സ്ഥാനാർഥി പി ശാന്തന കൃഷ്ണൻ, എൻടികെ സ്ഥാനാർഥി സൗന്ദര പാണ്ഡ്യൻ എന്നിവരാണ് എതിരാളികൾ. ഇത്തവണയും മണ്ഡയത്തിൽ ഡിഎംകെയ്ക്ക് വലിയ വിജയ പ്രതീക്ഷയാണ്.
എഐഎഡിഎംകെയുടെ ആദി രാജാറാം എൻടികെയുടെ ആയിഷ ബീഗം ടിവികെയുടെ ഡി സെൽവം എന്നിവരാണ് ചെപ്പോക്-തിരുവള്ളിക്കേണി മണ്ഡലത്തിൽ മത്സരിക്കുന്ന ഡിഎംകെയുടെ ഉദയനിധി സ്റ്റാലിന്റെ പ്രധാന എതിർ സ്ഥാനാർഥികൾ.
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഇന്ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യവും, എഐഎഡിഎംകെ-ബിജെപി സഖ്യം, വിജയ്‌യുടെ ടിവികെ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. അഞ്ച് മണ്ഡലങ്ങളിൽ സിപിഐ എം മത്സരിക്കുന്നു. വോട്ടെണ്ണൽ മെയ് 4-ന് നടക്കും.










0 comments