'പൂർണ ആരോഗ്യവതി': മരണവാർത്തകളെ തള്ളി വടിവുക്കരശി

വടിവുക്കരശി
ചെന്നൈ: തന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകളെ തള്ളി തമിഴ്നടി വടിവുക്കരശി. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പ്രതികരിച്ച താരം, പൂർണ ആരോഗ്യവതിയായി തുടരുന്നുവെന്നും സുഖമായിരിക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായാണ് വടിവുക്കരശിയുടെ മരണവാർത്ത വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. പിന്നാലെ പ്രതികരണവുമായി നടി രംഗത്ത് വരികയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട് വിളിച്ച് അന്വേഷിക്കുകയും സന്ദേശം അയക്കുകയും ചെയ്തതിന് പ്രത്യേകം വടിവുക്കരശി നന്ദി അറിയിച്ചു.
ഇന്ത്യൻ സിനിമാ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന വടിവുക്കരശി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയമായത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടായി അഭിനയജീവിതത്തിൽ തുടരുന്ന വടിവുക്കരശി 350 ലധികം സിനിമകളുടെയും 40 ലധികം ടിവി സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. അധ്യാപികയായിരുന്ന വടിവുക്കരശി കമൽഹാസൻ നായകനായ സിഗപ്പ് റോജാക്കൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ചത്.
‘മുതൽ മരിയാദൈ’, ‘പടിക്കാതവൻ’, ‘അരുണാചലം’, ‘പടയപ്പ’, ‘ശിവാജി’, ‘ജഗമേ തന്തിരം’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തു. 2000-കളുടെ തുടക്കത്തിലാണ് താരം ടിവി സീരിയലുകളിൽ എത്തിയത്. ‘അലൈകൾ’, ‘വംശം’, ‘കുല ദൈവം’, ‘കാർത്തികൈ ദീപം’ തുടങ്ങിയ സീരിയലുകളിലും തിളങ്ങി.









0 comments