മുൻ മന്ത്രിക്കെതിരെ അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ ലൈംഗീകാതിക്രമ കേസിൽ വെറുതെവിട്ട ഉത്തരവിനെതിരെ അതിജീവിത സുപ്രീംകോടതിയിൽ. ഒരു വർഷത്തേക്ക് ശിക്ഷിച്ച വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് അപ്പീലിൽ പറഞ്ഞു. 1999 ഫെബ്രുവരി 27ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥയെ കടന്നുപിടിച്ച് അപമാനിച്ചെന്നാണ് കേസ്.
നീലലോഹിതദാസൻ നാടാർ സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷിക്കണമെങ്കിൽ മൊഴി വിശ്വസനീയമായിരിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ വെളിച്ചത്തിലാണ് ഹൈക്കോടതി വിധി.
രണ്ടു വർഷത്തിലേറെ കഴിഞ്ഞായിരുന്നു പരാതിയെന്നും കാലതാമസം വിശദീകരിച്ചത് തൃപ്തികരമല്ലെന്നും കോടതി വിലയിരുത്തി. മന്ത്രിക്കെതിരെയായതിനാൽ പരാതി നൽകാൻ ഭയമായിരുന്നുവെന്ന വിശദീകരണം തൃപ്തികരമാണെങ്കിലും മന്ത്രിസ്ഥാനം രാജിവച്ചശേഷമുള്ള കാലതാമസം വിശദീകരിക്കാനായിട്ടില്ല. പരാതിക്കാരിയുടെ മൊഴി സംശയാതീതമല്ല. വൈരുധ്യവുമുണ്ട്. പരാതിക്കാരിയുടെ അമ്മയുടെയും സുഹൃത്തിന്റെയും മൊഴി വിശ്വസനീയമല്ല. കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദം തള്ളാനാകില്ലെന്നും വിധിയിൽ പറഞ്ഞു.
നീലലോഹിതദാസൻ നാടാർക്ക് വിചാരണക്കോടതി ഒരുവർഷം തടവ് വിധിച്ചിരുന്നു. അപ്പീലിൽ സെഷൻസ് കോടതി ശിക്ഷ മൂന്ന് മാസമായി കുറവ് ചെയ്തു. തെളിവുകൾ കൈകാര്യം ചെയ്‌തതിൽ വിചാരണക്കോടതിയുടെയും അപ്പീൽ കോടതിയുടെയും മുഴുവൻ സമീപനവും തെറ്റായിരുന്നുവെന്നും വിശ്വസനീയമായ തെളിവില്ലാതെയായിരുന്നു ഇരു കോടതികളുടെയും വിധിയെന്നും ഹൈക്കോടതി പറഞ്ഞു.










0 comments