നിതാരി കൊലക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരീന്ദർ കോലി മരിച്ച നിലയിൽ

ഹരിദ്വാർ: നിതാരി കൊലക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരീന്ദർ കോലിയെ (50) മരിച്ച നിലയിൽ. ഹരിദ്വാറിലെ ലാൽ മാതാ ക്ഷേത്രത്തിന് സമീപമുള്ള സപ്ത് സരോവർ റോഡിലെ ഒരു ചായക്കടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹരിദ്വാറിൽ താമസിക്കുകയായിരുന്നു ഇയാൾ. ഈയിടെയാണ് ഇയാൾ ചായക്കട വാടകയ്‌ക്കെടുത്തത്. തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
2006ൽ ഉത്തർപ്രദേശിലെ നോയിഡയിലാണ് കേസിന് ആസ്പദമായ കൊലപാതക പരമ്പര നടന്നത്. നിരവധി കുട്ടികളെയും സ്ത്രീകളെയും പ്രദേശത്ത് നിന്ന് കാണാതായിരുന്നു. ഇവരുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
അക്കാലത്ത് ബിസിനസുകാരനായ മോനിന്ദർ സിങ് പാന്ഥറിന്റെ നോയിഡയിലെ വീട്ടിൽ വീട്ടുജോലിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു സുരീന്ദർ. ബംഗ്ലാവിനു സമീപമുള്ള അഴുക്കുചാലിൽ നിന്ന് മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങളും തലയോട്ടികളും കണ്ടെത്തിയതോടെയാണ് നിഥാരി കൊലപാതക പരമ്പര പുറത്തുവന്നത്.
ഈ സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനും പ്രദേശവാസികൾക്കിടയിൽ ഭീതിക്കും കാരണമായി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ബംഗ്ലാവിലെ ജോലിക്കാരനായ കോലി അറസ്റ്റിലാകുന്നത്. നിരവധി കേസുകളിൽ വിചാരണ ചെയ്യപ്പെട്ട കോലിക്ക് കീഴ്ക്കോടതികൾ വധശിക്ഷ വിധിച്ചിരുന്നു.
അപ്പീലുകളിൽ പിന്നീട് ആ ശിക്ഷകൾ റദ്ദാക്കപ്പെടുകയും ഒടുവിൽ സുപ്രീംകോടതി കോലിയെ പൂർണ്ണമായി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.









0 comments