ad
Deshabhimani

ബുൾഡോസര്‍രാജ്: ഇടിച്ചു നിരത്തിയ് 100 വീടുകൾ, കോടതി ഇടപെട്ടതോടെ സൂറത്ത് മുൻസിപ്പൽ കമ്മീഷണറെ മാറ്റി

Gujarat
വെബ് ഡെസ്ക്

Published on Aug 12, 2026, 11:00 AM | 1 min read

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് നഗരസഭാ പരിധിയിൽ നൂറോളം കുടംബങ്ങളെ വഴിയാധാരമാക്കി വീടുകൾ ഇടിച്ച നിരത്തിയ സംഭവത്തിൽ കോടതി നിലപാട് കടുപ്പിച്ചതോടെ മുനിസിപ്പൽ കമ്മീഷണര്‍ക്കെതിരെ നടപടി. കമ്മീഷണര്‍ എം നാഗരാജനെ സ്ഥാനത്തു നിന്നു മാറ്റിയാണ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കൽ ശ്രമം.


ഇത്രയും വലിയ തെറ്റ് ചെയ്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ പദവിയിൽ തുടുരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതി പരാമര്‍ശിച്ചതിന് പിന്നാലെയാണ് ഗത്യന്തരമില്ലാതെ നടപടി. മെയ് 30 നാണ് സൂറത്തിലെ നസീര്‍ നഗറിൽ നൂറോളം വീടുകൾ ഇടിച്ചു നിരത്തിയത്.


യാതൊരു മുന്നറിയിപ്പും സൂചനയും ഇല്ലാതെ രണ്ട് ബുൾഡോസറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഈ പ്രദേശത്തേക്ക് ഇരച്ചു കയറുകയായിരുന്നു. വൻ പൊലീസ് സന്നാഹത്തോടെ അതിര്‍ത്തി തരം തിരിക്കൽ എന്ന പേരിലാണ് ഔദ്യോഗിക സംഘം സായുധ സംവിധാനങ്ങളുമായി എത്തിയത്. പ്രതിഷേധം ഉയര്‍ന്നതോടെ വീടുകൾ തന്നെ പൊളിക്കാൻ തുടങ്ങി. പ്രദേശവാസികൾ പറയുന്നതനുസരിച്ച് കഴിഞ്ഞ 50 വര്‍ഷമായി ഇവിടെ തലമുറകളായി കഴിയുന്നവരാണ്.


ഉത്തരവ് നൽകിയിരുന്നില്ലെന്ന് ന്യായീകരണം


സംഭവം വിവാദമായതോടെ ഇങ്ങനെ ഒരു ഉത്തരവ് നൽകിയിട്ടില്ല എന്ന് ഒഴിഞ്ഞുമാറുകയാണ് മുനിസിപ്പൽ കമ്മീഷണറും പൊലീസ് ഉന്നതാധികാരികളും ചെയ്തത്. പ്രദേശവാസികളായ 26 പേരാണ് കോടതിയെ സമീപിച്ചത്.


അപ്പോഴും നഗരസഭ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. വീട് നഷ്ടപ്പെട്ടവരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കാം എന്നായിരുന്നു ന്യായം. എന്നാൽ കോടതി ഇത് തള്ളി. വീട് തകര്‍ക്കപ്പെട്ടവരുടെ പൂര്‍ണ ഉത്തരവാദിത്തം നഗരസഭയ്ക്കും സര്‍ക്കാരിനുമാണെന്ന് ഉത്തരവ് നൽകി. ഇതിൽ നിന്നും ഒളിച്ചോടാൻ കഴിയില്ലെന്നും പറഞ്ഞു.


സംഭവത്തിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിച്ചതായും അഞ്ച് പേരെ സസ്പെൻഡ് ചെയ്തതായും നഗരസഭ അറിയിച്ചു. എന്നാൽ കോടതി നിലപാട് കടുപ്പിച്ചതോടെ കമ്മീഷണറെ തന്നെയും സ്ഥലം മാറ്റി. വീട് നഷ്ടപ്പട്ടവര്‍ ഇപ്പോഴും തെരുവിലാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home