ട്രാൻസ്ജെൻഡർ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; സ്വയം നിർണ്ണയാവകാശം ഇല്ലാതാക്കുന്നുവെന്ന് പരാതി

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള മൗലികാവകാശത്തെ ഭേദഗതി അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.
2026 മാർച്ച് 30-ന് നിലവിൽ വന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ലിംഗസ്വത്വം എന്നത് ബയോളജിക്കൽ അല്ലെന്നും അത് വ്യക്തിയുടെ തീരുമാനമാണെന്നും വ്യക്തമാക്കുന്ന സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമാണ് പുതിയ നിയമമെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
2019-ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തുമാറ്റി. ഒരു വ്യക്തി ആരാണെന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമപ്രകാരം ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബന്ധമാണ്. ഇത് ട്രാൻസ് വ്യക്തികളെ 'മെഡിക്കൽ നിരീക്ഷണത്തിന്' വിധേയരാക്കുന്നതിന് തുല്യമാണെന്നും ഹർജിക്കാർ പറയുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നൽകുന്ന ശിക്ഷാ കാലാവധി കുറവാണെന്ന കാര്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.










0 comments