ad
Deshabhimani

വിമാനക്കൂലി കൊള്ളയ്ക്കെതിരെ സുപ്രീംകോടതി; നിരക്കുകൾ നിയന്ത്രിക്കാൻ നിർദ്ദേശം

Flights.jpg
വെബ് ഡെസ്ക്

Published on May 15, 2026, 07:55 PM | 1 min read

ന്യൂഡൽഹി: വിമാനയാത്രക്കാരിൽ നിന്നും സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതവും വിവേചനപരവുമായ യാത്രാക്കൂലിക്ക് തടയിടാൻ നിർണ്ണായക ഇടപെടലുമായി സുപ്രീംകോടതി.


രാജ്യത്തെ വിമാനക്കൂലി ഘടന അടിയന്തരമായി പരിഷ്‌കരിക്കണമെന്നും സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വാസം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


ഒരേ ദിവസം ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ സുപ്രധാന നീക്കം. ഒരേ ദിവസം, ഒരേ സെക്ടറിലേക്ക് പറക്കുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോൾ മറ്റൊരു കമ്പനി 18,000 രൂപയാണ് വാങ്ങുന്നത്.


ഈ വലിയ അപാകത പരിഹരിച്ച് ജനങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസം നൽകാൻ സർക്കാർ ശ്രമിക്കണം. വിമാനക്കൂലിയിൽ കൃത്യമായൊരു യുക്തിസഹമായ നിയന്ത്രണം ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.


ഉത്സവ സീസണുകളിലും പ്രകൃതിദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോഴും വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ മുന്നൂറ് ശതമാനത്തോളം കുത്തനെ കൂട്ടുന്നത് പൂർണ്ണമായും ഉപഭോക്താക്കളെ ചൂഷണം ചെയ്യലാണെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.


മുൻപ് വിമാനങ്ങളിൽ ലഭ്യമായിരുന്ന 25 കിലോ സൗജന്യ ചെക്ക്-ഇൻ ലഗേജ് പരിധി യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ 15 കിലോയായി കുറച്ച സ്വകാര്യ കമ്പനികളുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യപ്പെട്ടു.


വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കക്ഷികൾക്ക് സമയം അനുവദിച്ച സുപ്രീംകോടതി, കേസ് കൂടുതൽ വാദത്തിനായി കോടതി വേനൽക്കാല അവധിക്ക് ശേഷം തുറക്കുന്ന ജൂലൈ 13-ലേക്ക് മാറ്റി വെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home