'നടപടിയെടുക്കാത്തത് 'മഹാമനസ്കത' കൊണ്ട്'; തെരുവുനായ വിഷയത്തിൽ മനേക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ പരസ്യമായി പരിഹസിച്ച മുൻ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. മനേക ഗാന്ധി നടത്തിയ അഭിപ്രായങ്ങളും അവരുടെ ശരീരഭാഷയും കോടതിയലക്ഷ്യത്തിന് തുല്യമാണെന്നും എന്നാൽ കോടതിയുടെ 'മഹാമനസ്കത' കൊണ്ട് മാത്രമാണ് നടപടി എടുക്കാത്തതെന്നും ബെഞ്ച് വ്യക്തമാക്കി.
ഒരു പോഡ്കാസ്റ്റിനിടെയായിരുന്നു സുപ്രീമ കോടതിയുടെ നിരീക്ഷണങ്ങളെ പരിഹസിച്ചുകൊണ്ട് മനേക ഗാന്ധി പരാമർശങ്ങൾ നടത്തിയത്.
കോടതി ജാഗ്രത പാലിക്കണമെന്ന് മനേക ഗാന്ധിയുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചപ്പോഴാണ് ബെഞ്ച് ക്ഷുഭിതരായത്. "നിങ്ങളുടെ കക്ഷി ആരെക്കുറിച്ചും എന്തിനെക്കുറിച്ചും എന്തും വിളിച്ചു പറയുകയാണ്. അവരുടെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചിട്ടുണ്ടോ? അവർ പറയുന്നത് എന്താണെന്നും എങ്ങനെയാണെന്നും കേട്ടിട്ടുണ്ടോ?" എന്ന് കോടതി ചോദിച്ചു. താൻ മുൻപ് അജ്മൽ കസബിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകൻ സൂചിപ്പിച്ചപ്പോൾ, "കസബ് പോലും കോടതിയലക്ഷ്യം നടത്തിയിട്ടില്ല, എന്നാൽ നിങ്ങളുടെ കക്ഷി അത് ചെയ്തിരിക്കുന്നു" എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ മറുപടി.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ അവയുടെ ആക്രമണത്തിന് ഉത്തരവാദികളായിരിക്കുമെന്ന കോടതിയുടെ മുൻപത്തെ നിരീക്ഷണം പരിഹാസരൂപേണ പറഞ്ഞതല്ലെന്നും അതീവ ഗൗരവത്തോടെയുള്ളതാണെന്നും കോടതി ആവർത്തിച്ചു. തെരുവുനായ്ക്കളെ അത്രയധികം സ്നേഹിക്കുന്നുണ്ടെങ്കിൽ അവയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തുകയാണ് വേണ്ടതെന്നും വഴിയിലിറങ്ങി കുട്ടികളെയും മുതിർന്നവരെയും കടിച്ച് പരിക്കേൽപ്പിക്കാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. വന്ധ്യംകരണം ഫലപ്രദമായി നടപ്പിലാക്കാത്തതാണ് പ്രശ്നമെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും, മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ ഇത്തരം പദ്ധതികൾക്കായി മേനക ഗാന്ധി എന്ത് ബജറ്റ് വിഹിതമാണ് അനുവദിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു.
തെരുവുനായ ആക്രമണങ്ങളിൽ പരിക്കേൽക്കുന്ന കുട്ടികൾക്കും പ്രായമായവർക്കും സംസ്ഥാന സർക്കാരുകൾ വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർ മറുപടി പറയേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 28-ലേക്ക് മാറ്റി.










0 comments