നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം മൗലികാവകാശം: സുപ്രീംകോടതി

ന്യൂഡൽഹി: റോഡരികിലെ കൃത്യമായി വേർതിരിച്ച നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. റോഡുകളിലെ മോട്ടോർ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തേക്കാൾ മുൻഗണന കാൽനടയാത്രക്കാരുടെ ഈ അവകാശത്തിനാണെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് എഎസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ഡി) ഉറപ്പുനൽകുന്ന സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് നടക്കാനുള്ള അവകാശമെന്ന് കോടതി നിരീക്ഷിച്ചു.
ഇത് ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം), ആർട്ടിക്കിൾ 19(1)(എ) എന്നിവയുമായി ചേർത്തു വായിക്കേണ്ടതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. റോഡിൽ കാൽനടയാത്രക്കാർക്കായി നടപ്പാത നിർമ്മിക്കാനും അത് കൃത്യമായി പരിപാലിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് നിയമപരമായ ബാധ്യതയുണ്ട്.
ഇത് പൗരന്മാർക്ക് കോടതി വഴി ചോദിച്ചു വാങ്ങാവുന്ന അവകാശമാണെന്നും കോടതി പറഞ്ഞു. റോഡപകടത്തിൽ അഞ്ച് വയസ്സുകാരൻ മരിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിർണ്ണായക നിരീക്ഷണം.
രാവിലെ അച്ഛനോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ ടാങ്കർ ലോറി പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാൽനടയാത്രക്കാർക്കായി പ്രത്യേക പാതയോ ക്രോസിംഗോ ഇല്ലാതിരുന്ന റോഡിലായിരുന്നു അപകടം. കേസിൽ കുട്ടിയുടെ പിതാവിന് ലഭിക്കേണ്ട നഷ്ടപരിഹാരം 11,44,628 രൂപയായി കോടതി ഉയർത്തി.
ഹൈക്കോടതി നേരത്തെ കുറച്ച തുകയാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. നടപ്പാതകൾ ഇല്ലാത്തതിനാലോ അവ കൃത്യമായി സംരക്ഷിക്കാത്തതിനാലോ കാൽനടയാത്രക്കാരുടെ അവകാശം ലംഘിക്കപ്പെട്ടാൽ, പൗരന്മാർക്ക് ഉത്തരവാദികളായ സർക്കാർ സംവിധാനങ്ങൾക്കെതിരെ ഭരണഘടനാപരവും നിയമപരവുമായ പരിഹാരങ്ങൾ തേടാം. ഇത് മോട്ടോർ വാഹന നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന് പുറമെയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.









0 comments