ad
Deshabhimani

പൗരന്റെ താൽപ്പര്യത്തിന് മുൻഗണന നൽകണം; ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

Supreme Court.jpg
വെബ് ഡെസ്ക്

Published on Apr 30, 2026, 12:10 PM | 1 min read

ന്യൂഡൽഹി: ഗർഭഛിദ്രം നടത്താനുള്ള പൗരന്റെ വ്യക്തിപരമായ അവകാശത്തെയും തീരുമാനത്തെയും ബഹുമാനിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം തടയാൻ ശ്രമിച്ച കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.


വ്യക്തിസ്വാതന്ത്ര്യത്തിലും ശരീരത്തിന്മേലുള്ള അവകാശത്തിലും കടന്നുകയറാൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.


ബലാത്സംഗത്തിന് ഇരയായ 14 വയസ്സുകാരിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഗർഭസ്ഥ ശിശുവിന് ജീവനുണ്ടെന്നും ഈ ഘട്ടത്തിൽ ഗർഭഛിദ്രം നടത്തുന്നത് ധാർമ്മികമായി ശരിയല്ലെന്നുമുള്ള മെഡിക്കൽ ബോർഡിന്റെയും കേന്ദ്രത്തിന്റെയും വാദങ്ങൾ കോടതി തള്ളി.


മെഡിക്കൽ ബോർഡിന് വൈദ്യശാസ്ത്രപരമായ നിർദ്ദേശങ്ങൾ നൽകാം. എന്നാൽ ഗർഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ പെൺകുട്ടിയാണ്. പൗരന്റെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കാൻ സർക്കാർ തയ്യാറാകണം.


ഗർഭം ധരിക്കുന്നത് മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടത് ആ പെണ്കുട്ടിയാണെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ ജീവന് അപകടമില്ലെന്ന് ഉറപ്പുവരുത്തി എത്രയും വേഗം ഗർഭഛിദ്രം നടത്താൻ മുംബൈയിലെ ആശുപത്രിക്ക് കോടതി നിർദ്ദേശം നൽകി.


പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ മാനസികാരോഗ്യം കൂടി പരിഗണിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home