ജന്തർ മന്തറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ജന്തർ മന്തറിനെ സമരവേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. അഭിഭാഷകയായ സ്വാതി സിങ് ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ഒക്ടോബർ 9 ലെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണോ ഈ നീക്കം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. സമാധാനപരമായി സംഘടിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലാതാക്കുന്നതാണ് ഹൽഹി പൊലീസിന്റെ നടപടിയെന്ന് ഹർജിക്കാരിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഒക്ടോബർ 9 ലെ സുപ്രീംകോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയല്ല ഡൽഹി പൊലീസിന്റെ നടപടിയെന്ന് കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകൻ കോടതിയിൽ സമ്മതിച്ചു. പ്രതിഷേധങ്ങൾക്ക് ബദൽ വേദികൾ പരിശോധിക്കുന്നതിനായി നേരത്തെ തന്നെ കേന്ദ്രം തീരുമാനിച്ചിരുന്നുവെന്നായിരുന്നു വാദം. വിഷയത്തിൽ സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കോടതി നിരീക്ഷിച്ചു.








0 comments