Deshabhimani

ഇല്ലാത്ത നേട്ടങ്ങള്‍ക്ക് നേതാക്കൾക്ക് കയ്യടി; എസി ഉണ്ടെങ്കിലും പെന്‍ഷന്‍ കിട്ടുമെന്ന കള്ളപ്രചാരണവുമായി യുഡിഎഫ് സൈബര്‍ പട

ac pension fake
വെബ് ഡെസ്ക്

Published on Oct 15, 2026, 03:42 PM | 1 min read

തിരുവനന്തപുരം: വീടുകളിൽ എയർ കണ്ടീഷണർ (എസി) ഉണ്ടെങ്കിലും ഇനി ക്ഷേമപെൻഷൻ ലഭിക്കുമെന്ന തരത്തിൽ ലീഗ്-കോൺഗ്രസ് സൈബർ പ്രൊഫൈലുകൾ നടത്തുന്ന പ്രചാരണം വ്യാജം. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ തീരുമാനങ്ങളെ വളച്ചൊടിച്ചും, പണ്ടേ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾ പുതിയതായി തങ്ങൾ നേടിയെടുത്തതാണെന്ന് വരുത്തിതീർത്തും ജനങ്ങളെ കബളിപ്പിക്കാനാണ് യുഡിഎഫ് സൈബർ പടയുടെ ശ്രമം.


സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പാവപ്പെട്ടവർക്കും വയോജനങ്ങൾക്കും ആശ്വാസമായാണ് എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. ഇതിനിടയിലാണ് എസി ഉള്ളവർക്ക് പെൻഷൻ ലഭിക്കുമെന്ന പേരിൽ വലിയ തോതിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ താമസിക്കുന്ന വീട്ടിൽ എസി ഉണ്ടായിരിക്കരുതെന്ന വ്യവസ്ഥ പഴയ അർഹതാ മാനദണ്ഡങ്ങളുടെ ഭാഗമായി കർശനമായി നിലനിന്നിരുന്ന ഒന്നാണ്. ഈ എസി നിബന്ധന മാറ്റിയെന്നോ ഒഴിവാക്കിയെന്നോ കാണിച്ച് ഔദ്യോഗികമായി സർക്കാരോ തദ്ദേശ സ്വയംഭരണ വകുപ്പോ പുതിയ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നിരിക്കെ, യുഡിഎഫ് കേന്ദ്രങ്ങൾ നടത്തുന്ന ഈ ആഘോഷവും പ്രചാരണവും തികച്ചും അടിസ്ഥാനരഹിതമാണ്.


ഇതോടൊപ്പം തന്നെ, എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽക്കേ നിലവിലുള്ള 1000 സിസിയിൽ താഴെയുള്ള ചെറുവാഹനങ്ങളുടെ ഇളവുകൂടി പുതിയതായി കൊണ്ടുവന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 1000 സിസിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള സ്വകാര്യ നാലുചക്ര വാഹനങ്ങൾ ഉള്ളവർക്കു മാത്രമായിരുന്നു നേരത്തെ അയോഗ്യതയുണ്ടായിരുന്നത്. 1000 സിസിയിൽ താഴെയുള്ള ചെറുകാറുകളോ ഓട്ടോറിക്ഷയോ ഉള്ളവരെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പെൻഷനിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. സർക്കാർ പോർട്ടലുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലും വർഷങ്ങളായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഈ വസ്തുതയാണ് ഇപ്പോൾ യുഡിഎഫ് അനുകൂലികൾ തങ്ങളുടെ പുതിയ നേട്ടമായി അവതരിപ്പിക്കുന്നത്.


സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിച്ച് സർക്കാരിന്റെ ജനക്ഷേമ നയങ്ങളുടെ തിളക്കം കെടുത്താനാണ് ലീഗ് സൈബർ കേന്ദ്രങ്ങൾ നിരന്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം നുണക്കഥകൾ പ്രചരിപ്പിക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പാവപ്പെട്ട പെൻഷൻ ഗുണഭോക്താക്കളെ കബളിപ്പിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home