Deshabhimani

ചോദ്യപേപ്പർ ചോർച്ച ​ഗുരുതര വീഴ്ച; ആർക്കും എവിടെനിന്നും ഡൗൺലോഡ് ചെയ്യാം; മൗനം തുടർന്ന് സർക്കാർ

Polytechnic exam questionpaper leak

പരീക്ഷാ കൺട്രോളറുടെ ഓഫീസിൽനിന്ന്‌ 
ഇ–മെയിൽ മുഖേന ചോദ്യപേപ്പർ അയച്ചതിന്റെ സ്‌ക്രീൻഷോട്ട്‌ (ഇടത്)

വെബ് ഡെസ്ക്

Published on Oct 15, 2026, 03:19 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക്‌ കോളേജുകളിലെ ഡിപ്ലോമ മൂന്നാം സെമസ്‌റ്റർ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നത് ​ഗുരുതര സുരക്ഷാ വീഴ്ച. അതീവ സുരക്ഷിതമായി നടത്തപ്പെടുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ സ്ഥാപനങ്ങളുടെ ഇ–മെയിലേക്ക്‌ അയച്ചുകൊടുത്തതോടെയാണ്‌ ചോർച്ച വെളിപ്പെട്ടത്‌. വിവിധ ബ്രാഞ്ചുകളിലെ 28 വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ പാസ്‍വേഡ് സംരക്ഷണമില്ലാതെ ഒറ്റ ഫയലായി അയക്കുകയായിരുന്നു. ഇതോടെ ആർക്കും എവിടെനിന്നും ചോദ്യപേപ്പറുകൾ നേരത്തേ ഡൗൺലോഡ് ചെയ്യാവുന്ന സ്ഥിതിയായി. സാങ്കേതികവിദ്യാഭ്യാസ മേഖലയിൽ തുടരുന്ന അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ചോദ്യപേപ്പർ ചോർച്ച. എന്നാൽ ഇതുവരെയും വീഴ്ചയിൽ മറുപടി പറയാൻ സർക്കാർ തയ്യാറായിട്ടില്ല.


ബുധൻ രാവിലെ ഒമ്പതിനാണ്‌ പരീക്ഷ തുടങ്ങിയത്‌. തിരുവനന്തപുരം കൈമനത്തെ സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ ജോയിന്റ് കൺട്രോളറുടെ ഓഫീസിൽനിന്ന്‌ സ്റ്റേറ്റ്‌ ബോർഡ്‌ ഓഫ്‌ ടെക്‌നിക്കൽ എഡ്യൂക്കേഷൻ (എസ്‌ബിടിഇ) പോർട്ടൽവഴിയാണ്‌ ചോദ്യപേപ്പറുകൾ അയക്കേണ്ടത്‌.


പോർട്ടൽ വഴി അയക്കുന്നവ പരീക്ഷ തുടങ്ങുന്നതിന് നിശ്ചിത സമയം മുമ്പ് ജോയിന്റ്‌ കൺട്രോളർ ഓഫീസിൽനിന്ന്‌ നൽകുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ പ്രിൻസിപ്പലിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും ചേർന്ന് ഡൗൺലോഡ്‌ ചെയ്യാനാകൂ. അത്രയും രഹസ്യസ്വഭാവമുള്ള രീതി അട്ടിമറിച്ചാണ് ഇ മെയിലിൽ അയച്ചത്. ഇതാകട്ടെ ഓഫീസുകളിലെ ആർക്കും തുറക്കാവുന്ന മെയിലിലും. വിരമിച്ചവർക്ക് പോലും അവരുടെ മെയിൽ ഐഡി ഉപയോ​ഗിച്ച് ചോദ്യപേപ്പർ ഡൗൺലോ‍ഡ് ചെയ്യാം.


സ്വാശ്രയകോളേജുകൾ ഉൾപ്പെടെ നൂറ്റിപ്പതിനഞ്ചോളം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മെയിലിലേക്ക്‌ ചോദ്യപ്പേപ്പർ അയച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ മുൻകൂട്ടി ലഭിക്കുന്നതോടെ ഇത്തരം സ്ഥാപനങ്ങൾക്ക് നൂറ് ശതമാനം വിജയം കൈവരിക്കാൻ ഉപയോ​ഗിക്കാം.


പരീക്ഷാനടത്തിപ്പിന് പരിചയമില്ലാത്ത ഉ​ദ്യോ​ഗസ്ഥരെ ചുമതലയേൽപ്പിച്ചതാണ് വീഴ്ചയുടെ പ്രധാനകാരണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ രാഷ്ട്രീയലക്ഷ്യത്തോടെ കൂട്ടസ്ഥലംമാറ്റ നടപടികൾ നടത്തിയിരുന്നു. പരീക്ഷാ നടത്തിപ്പിൽ പരിചയസമ്പന്നരായ ജീവനക്കാരെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് സ്ഥലംമാറ്റിയത്. ഇതോടെ സാങ്കേതികവിദ്യാഭ്യാസ മേഖലയും ആകെ അവതാളത്തിലായിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home