'ഷാദി ഡോട്ട് കോം' വഴി നടക്കുന്ന വിവാഹത്തട്ടിപ്പ്; മാനദണ്ഡങ്ങളിൽ വ്യക്തത തേടി സുപ്രീംകോടതി

ന്യൂഡൽഹി: ഓൺലൈൻ വിവാഹ സൈറ്റായ ഷാദി ഡോട്ട് കോം വഴി നടക്കുന്ന സൈബർ തട്ടിപ്പുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. വ്യാജ രാഷ്ട്രീയ പ്രൊഫൈലുകൾ നിർമ്മിച്ച് യുവതികളെ കബളിപ്പിക്കുന്ന സംഘങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം.
ഞങ്ങൾ ഈ ഷാദി ഡോട്ട് കോമിനെ എന്ത് ചെയ്യണം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എംഎൽഎമാരുടെ ഉൾപ്പെടെയുള്ള പ്രമുഖരുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടുന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി.
സൈബർ കുറ്റവാളികൾക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകൾ എളുപ്പവഴിയായി മാറുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ സൈറ്റുകൾക്ക് കഴിയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹൈദരാബാദിൽ നിന്നുള്ള ഒരു ഡോക്ടർക്ക് 11 ലക്ഷം രൂപ നഷ്ടമായ കേസിലാണ് കോടതിയുടെ ഇടപെടൽ. കേസിൽ ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തൽ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ തെലങ്കാന ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
പ്ലാറ്റ്‌ഫോമുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കോടതി കൂടുതൽ വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം സൈറ്റുകൾ വഴി നടക്കുന്ന തട്ടിപ്പുകൾ തടയാൻ കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും കോടതി സൂചിപ്പിച്ചു.









0 comments