ബലാത്സംഗക്കേസിലെ കുറ്റവാളിക്ക് 15-ാം പരോൾ; വിചാരണപോലും നേരിടാത്തവർക്ക് ജാമ്യമില്ല; വിധി ഞെട്ടിപ്പിക്കുന്നതെന്ന് എം എ ബേബി

എം എ ബേബി
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. നാലഞ്ച് വർഷമായി വിചാരണപോലുമില്ലാതെ തടവിലാണ് ഇരുവരും. അതേസമയം, ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം സിംഗ് 2017ന് ശേഷം തന്റെ പതിനഞ്ചാമത്തെ പരോളിൽ ഇന്ന് ജയിലിന് പുറത്തിറങ്ങിയിരിക്കുന്നു. ഇത് ലജ്ജാകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും എം എ ബേബി പ്രസ്താവനയിൽ പറഞ്ഞു.
"തുടർച്ചയായ തടങ്കൽ ഭരണഘടനാപരമായ അനുമതിയുടെ പരിധി ലംഘിച്ചിട്ടില്ല" എന്ന കോടതിയുടെ പ്രസ്താവന നീതിയുടെ ലംഘനമാണ്. വിചാരണ തുടങ്ങാൻ പോലും സാധ്യതയില്ലാതെ അഞ്ച് വർഷത്തോളം ജയിലിൽ കഴിയുന്നത് ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നടപടികൾക്ക് പിന്തുണനൽകുന്നതാണ് ഈ വിധിയെന്നും എം എ ബേബി പറഞ്ഞു










0 comments