നിയമനം കേന്ദ്രം വൈകിപ്പിക്കുന്നു ; ജഡ്‌ജിയാകാനുള്ള സമ്മതപത്രം പിൻവലിച്ച് അഭിഭാഷകര്‍

ന്യൂഡൽഹി
ജഡ്‍ജിമാരായി തങ്ങളെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തിട്ട് ഒരുവര്‍ഷത്തോളമായിട്ടും നിയമനം നടത്താത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് രണ്ട് മുതിർന്ന അഭിഭാഷകർ പിൻവാങ്ങി. ഡൽഹി ഹൈക്കോടതിയിലേക്ക് ശുപാര്‍ശചെയ്യപ്പെട്ട അഭിഭാഷകരായ ശ്വേതശ്രീ മജുംദാറും ബോംബൈ ഹൈക്കോടതിയിലേക്ക് നിർദേശിക്കപ്പെട്ട രാജേഷ് ദാത്തറുമാണ് ജഡ്‍ജിയാകാനുള്ള സമ്മതപത്രം പിൻവലിച്ചത്.
2024 ആഗസ്‍ത് 12നാണ് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി ശ്വേതശ്രീയെ നിയമിക്കണമെന്ന് കൊളീജിയം ശുപാർശ ചെയ്‌തത്. ഒപ്പം ശുപാർശ നൽകപ്പെട്ട അജയ് ദിഗ്പോൾ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരുടെ നിയമനം അംഗീകരിച്ചിട്ടും ശ്വേതശ്രീയുടെ മാത്രം കേന്ദ്രംപിടിച്ചുവച്ചു.
ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളിൽ പ്രശസ്‌തയാണ് ശ്വേതശ്രീ. നിയമനത്തിന്റെ ഭാഗമായി ആരോഗ്യപരിശോധന പോലും പൂർത്തിയാക്കിയിരുന്നു. ബോംബെ ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിയായി നിയമിക്കാൻ ദാത്തറിന് പുറമേ സച്ചിൻ ദേശ്‌മുഖ്, ഗൗതം അൻഖാദ്, മഹേന്ദ്ര നെർലിക്കർ എന്നിവരുടെ പേരുകളാണ് 2024 സെപ്‌തംബറിൽ കൊളീജിയം കേന്ദ്രത്തിന് നൽകിയത്. എന്നാൽ ദാത്തറിനേക്കാൾ ജൂനിയറായ ബാക്കി മൂന്നുപേർക്കും നിയമനം നൽകിയതോടെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. മുഴുവൻ ബാറിന്റെയും തന്റെയും സ്വാഭിമാനം മുൻനിർത്തിയാണ് തീരുമാനമെന്നും ഒമ്പത് മാസം പിന്നിട്ടിട്ടും ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് ഇഷ്‌ടപ്പെടാത്തവരുടെ നിയമനം കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത് ജുഡിഷ്യൽ നിയമനങ്ങൾ താളം തെറ്റിക്കുകയാണ്. ഡൽഹിയിലടക്കം വിവിധ ഹൈക്കോടതികളിൽ വേണ്ടത്ര ജഡ്‌ജിമാരില്ലാത്തത് കേസുകൾ കുമിഞ്ഞുകൂടാനും കാരണമായി. ഒരുവർഷത്തിനിടെ കൊളീജിയം നൽകിയ നാലു വനിതകളുള്‍പ്പെടെ 27 പേരുകളിൽ ഇപ്പോഴും കേന്ദ്രസർക്കാർ അടയിരിക്കുകയാണ്.









0 comments