മാതൃത്വം അടിച്ചേൽപ്പിക്കേണ്ടതല്ല, തെരഞ്ഞെടുക്കേണ്ടത് ! നിരീക്ഷണവുമായി സുപ്രീം കോടതി

സുപ്രീം കോടതി Image Credit : wikimedia commons
ന്യൂഡൽഹി: ഗർഭധാരണം തുടരാൻ ആഗ്രഹിക്കാത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രസവിക്കാൻ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി. ലൈംഗികാതിക്രമത്തിന് ഇരയായ പതിനേഴുകാരിയുടെ 31 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടൽ.
സ്ത്രീയുടെ ശരീരത്തിന്മേലുള്ള അവകാശം അവൾക്കുതന്നെയാണെന്നും മാതൃത്വം ആരുടെമേലും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പ്രഖ്യാപിച്ചു. നേരത്തെ ബോംബെ ഹൈക്കോടതി ഈ പെൺകുട്ടിയുടെ അപേക്ഷ നിരസിച്ചിരുന്നു. ഗർഭം അലസിപ്പിക്കാനുള്ള നിയമപരമായ പരിധി കഴിഞ്ഞുവെന്നും കുഞ്ഞിനെ പ്രസവിച്ച് ദത്തെടുക്കാൻ നൽകുന്നതാണ് ഉചിതമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
എന്നാൽ ഇതിനെതിരെ സുപ്രീം കോടതി കടുത്ത വിമർശനം ഉയർത്തി. "വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ചുമക്കാൻ നിർബന്ധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമാണ്" എന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീയുടെ പുനരുൽപ്പാദന സ്വാതന്ത്ര്യം അവരുടെ മൗലികാവകാശമാണെന്ന് വിധിയിൽ അടിവരയിടുന്നു. ഗർഭച്ഛിദ്രം പെൺകുട്ടിയുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും കോടതി പരിഗണിച്ചു. സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശം പരമപ്രധാനമാണ്. അത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല, മറിച്ച് സ്ത്രീയുടെ താല്പര്യപ്രകാരം സംഭവിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
പെൺകുട്ടിയുടെ ചികിത്സാ ചെലവുകൾ മഹാരാഷ്ട്ര സർക്കാർ വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രസവിക്കാൻ താല്പര്യമില്ലാത്ത ഗർഭിണിയെ അതിനായി നിർബന്ധിക്കുന്നത് അവൾക്ക് നികത്താനാവാത്ത മാനസികാഘാതം ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം കേസുകളിൽ ഹൈക്കോടതികൾ കൂടുതൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ഓർമ്മിപ്പിച്ചു.











0 comments