സ്വകാര്യതാ നയം: വാട്‌സ്ആപ്പ്-മെറ്റ കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 23-ലേക്ക് മാറ്റി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും മാതൃകമ്പനിയായ മെറ്റയുടെയും വിവാദമായ സ്വകാര്യതാ നയത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 23-ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മെറ്റയ്ക്ക് വേണ്ടി ഹാജരാകേണ്ട മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ കേസ് മാറ്റിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
സ്വകാര്യതാ നയത്തിന്റെ ലംഘനം ആരോപിച്ച് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരായ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി പങ്കുവെക്കുന്നത് 'മാന്യമായ രീതിയിലുള്ള മോഷണമാണ്' എന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഇതിനോടകം കമ്പനികൾ കൈക്കലാക്കിയിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു.
എന്നാൽ ഉപഭോക്താക്കളുടെ സമ്മതത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്നുമാണ് മെറ്റയുടെ വാദം. വിവരങ്ങൾ പങ്കുവെക്കാൻ താല്പര്യമില്ലാത്തവർക്ക് അതിനുള്ള അവസരം നൽകുന്നുണ്ടെന്നും കമ്പനി കോടതിയിൽ ബോധിപ്പിച്ചു.
കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് കോടതി.











0 comments