ad
Deshabhimani

print edition ഐക്യമാണ് പ്രതീക്ഷ : സുദീപ്‌ ദത്ത

sudip dutta citu
വെബ് ഡെസ്ക്

Published on Jan 05, 2026, 02:49 AM | 2 min read


ആനത്തലവട്ടം ആനന്ദൻ നഗർ

കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായുള്ള ഐക്യമാണ് തൊഴിലാളിവർഗത്തിനു മുന്നിലുള്ള പ്രതീക്ഷയെന്ന്‌ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ സുദീപ്‌ ദത്ത. ഫെബ്രുവരി 12ന്റെ പൊതു പണിമുടക്ക്‌ കേന്ദ്രസർക്കാരിന്‌ ശക്തമായ മുന്നറിയിപ്പാകും. തൊഴിലാളിവിരുദ്ധ നടപടികളിൽനിന്ന്‌ പിന്മാറിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക്‌ സിഐടിയു നേതൃത്വം നൽകുമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മേളനത്തെ അഭിവാദ്യംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.


കൂട്ടായ മുന്നേറ്റത്തിലൂടെ വിപ്ലവകരമായ മാറ്റം സാധ്യമല്ലെന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശത്രുക്കൾ എപ്പോഴും ശ്രമിക്കും. എന്നാൽ, അത് സാധ്യമാക്കുമെന്ന് പറയാനാണ് നാം ഇവിടെ നിൽക്കുന്നത്. നമ്മുടെ ശക്തിയെയും ആയുധങ്ങളെയും നാം തിരിച്ചറിയണം. ബലഹീനതകൾ പരിഹരിക്കണം. തൊഴിൽരഹിതരായ യുവജനങ്ങളുമായി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് സംഘടനാപരമായ ബന്ധമില്ല.- അവരുടെ പോരാട്ടവീര്യമുള്ള ശബ്ദമായി സിഐടിയു ഉയർന്നുവരണം. സാമൂഹിക മാറ്റത്തിനുള്ള സൈന്യമായി മാറ്റണം. മാന്യമായ ജോലി ചെയ്യാനുള്ള സാഹചര്യം അടിസ്ഥാന അവകാശമായിരിക്കണം. തൊഴിലെടുക്കുന്ന സ്ത്രീകളെ പുതിയ സാമൂഹിക -രാഷ്ട്രീയ വർഗശക്തിയായി ഉയർത്തണം. സാങ്കേതികവിദ്യയുടെ മാറ്റം മനസ്സിലാക്കി ജനങ്ങളുമായുള്ള ഇടപെടലിന്റെ രീതി ആധുനികവൽക്കരിക്കണം.


വ്യവസ്ഥാപിത പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്തം അതിജീവിക്കാൻ എല്ലാവഴിയും നോക്കുകയാണ്‌. വെനസ്വേലയിലും ലോകമാകെയും നടക്കുന്നത്‌ അതാണ്‌. ലാഭനിരക്ക് കുറയുന്പോൾ കൂടുതൽ ചൂഷണത്തിലൂടെ നഷ്ടം നികത്താൻ അവർ ശ്രമിക്കുന്നു. ലേബർ കോഡുകൾ കൊണ്ടുവന്നതും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി അട്ടിമറിച്ചതും തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും വേതനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌– സുദീപ്‌ പറഞ്ഞു.


സമരങ്ങൾക്ക്‌ 
നിറയ‍ൗവനം

സിഐടിയു അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുദീപ്‌ ദത്ത രാജ്യത്തെ ട്രേഡ്‌ യൂണിയൻ ചരിത്രത്തിലെ ഏറ്റവും ചെറുപ്പമുള്ള നേതൃത്വം. 40 വയസ്സ് മാത്രം പ്രായമുള്ള സുദീപിനെ സിഐടിയു ചുമതലയേൽപ്പിച്ചത്‌ പുതിയ കാലത്തിന്റെ തൊഴിൽമേഖലകളിലേക്ക്‌ കൂടുതൽ ഇറങ്ങിച്ചെല്ലേണ്ടതിന്റെ അനിവാര്യത മുന്നിൽക്കണ്ട്‌.


പശ്ചിമ ബംഗാളിലെ ഡാർജിലിങ്‌ ജില്ലയിൽനിന്നുള്ള തൊഴിലാളി നേതാവായ സുദീപ്‌ ദത്ത ഉജ്വലമായ പോരാട്ടങ്ങളിലൂടെയും മികവാർന്ന നേതൃവൈഭവത്തിലൂടെയുമാണ്‌ ദേശീയ തലത്തിലേക്കുയർന്നത്‌. ഇടത്തരം കുടുംബത്തിൽ ജനിച്ച സുദീപ്‌ ദത്ത കൽക്കത്ത സർവകലാശാലയിൽനിന്ന് ഫിസിക്‌സിൽ എംഎസ്‌സി പൂർത്തിയാക്കി. അതേ സർവകലാശാലയിൽനിന്ന് നാനോഫിസിക്‌സിൽ ഗവേഷണം നടത്തി. 2006ൽ എസ്‌എഫ്‌എയിൽ ചേർന്നു. നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.


2013ലാണ്‌ മുഴുവൻ സമയ തൊഴിലാളിപ്രവർത്തകനായി സിഐടിയുവിൽ എത്തിയത്‌. തുടർന്ന്‌ ഡാർജിലിങ്ങിലെ തോട്ടംതൊഴിലാളികളുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 2022ൽ ഡൽഹിയിലെ സിഐടിയു സെന്ററിലേക്ക്‌ പ്രവർത്തനം മാറ്റിയ അദ്ദേഹം വൈദ്യുതി, കൽക്കരി മേഖലകളിലെ തൊഴിലാളി യൂണിയനുകളുടെ ചുമതല വഹിച്ചു. നിലവിൽ ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയാണ്. 2023ൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറിയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home