Live News സുഭാഷ് ചന്ദ്രയുടെ വായ്പാക്കൊള്ള; അപ്പീലിന് കൂടുതൽ ബാങ്കുകൾ

സ്വന്തം ലേഖകൻ
Published on Aug 31, 2026, 12:34 AM | 1 min read
ന്യൂഡൽഹി
: ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) സഹായത്തോടെ 22,006 കോടി രൂപയുടെ ‘വായ്‌പാകൊള്ള’യിൽ നിന്ന് തടിതപ്പിയ ബിജെപി നേതാവ് സുഭാഷ് ചന്ദ്രയ്ക്കെതിരെ കൂടുതൽ ബാങ്കുകൾ അപ്പീലിന്. എച്ച്‌ഡിഎഫ്‌സി, എൽഐസി ഹൗസിങ് ഫിനാൻസ് എന്നിവയ്ക്ക് പിന്നാലെ യൂണിയൻ ബാങ്ക്, കനറ ബാങ്ക് എന്നിവയും അപ്പീൽ നൽകുമെന്ന് അറിയിച്ചു.
ചന്ദ്രയുടെ ആസ്‌തികളുടെ ഫോറൻസിക് പരിശോധന കനറാ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ക്രഡിറ്റേഴ്‌സ് സമിതി കുറഞ്ഞ വോട്ടിങ് വിഹിതം മുൻനിർത്തി തള്ളി. വായ്‌പാദാതാക്കളായ ബാങ്കുകളേക്കാൾ കൂടുതൽ വോട്ട് സമിതിയിലുള്ളത് ചന്ദ്രയുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കാണ്.
കടം ആറേകാൽ കോടി രൂപയാക്കി കുറയ്ക്കാൻ 61.78 ശതമാനം വോട്ടുവിഹിതമുള്ള ഇൗ സ്ഥാപനങ്ങൾ ചേർന്ന് ഭൂരിപക്ഷ തീരുമാനം എടുത്തതോടെയാണ് ബാങ്കുകൾക്ക് വൻനഷ്‌ടം നേരിട്ടത്. ക്രഡിറ്റേഴ്‌സ് സമിതി അംഗീകാരം നൽകിയ തിരിച്ചടവ് പദ്ധതിയുടെ വാണിജ്യമൂലം പരിഗണിക്കാതെയാണ് എൻസിഎൽടി വിധി.
സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിയെ തങ്ങൾ എതിർത്തിരുന്നുവെന്നും ഫോറൻസിങ് ഓഡിറ്റ് ആവശ്യപ്പെട്ടുവെന്നും കനറ ബാങ്ക് സ്ഥിരീകരിച്ചു. തിരിച്ചടവ് പദ്ധതി സ്വീകാര്യമല്ലെന്നും അപ്പീൽ നൽകുമെന്നും ബാങ്ക് പറഞ്ഞു. 0.76 ശതമാനം വോട്ടിങ് വിഹിതമുള്ള യൂണിയൻ ബാങ്കും ഉടനടി അപ്പീൽ നൽകുമെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ആദ്യം അപ്പീൽ പ്രഖ്യാപിച്ചത് എച്ച്‌ഡിഎഫ്‌സിയാണ്. 705 കോടി രൂപയാണ് സുഭാഷ് ചന്ദ്ര വായ്‌പയെടുത്തത്.
1,322.39 കോടിയുടെ ക്ലെയിമിൽ 38 ലക്ഷം മാത്രം തിരികെ ലഭിക്കുന്ന എൽഐസി ഹൗസിങ് ഫിനാൻസും അപ്പീൽ നൽകുമെന്ന അറിയിച്ചിരുന്നു. ഐഡിബിഐ ട്രസ്റ്റിഷിപ്പ് സർവീസസ്, ആർബിഎൽ ബാങ്ക് എന്നിവയും അപ്പീൽ ഫയൽ ചെയ്‌തേക്കും.
തിങ്കളാഴ്‌ച രാവിലെ 9ന് ഇൻസ്റ്റാഗ്രാം ലൈവിൽ കാര്യങ്ങൾ വിശദീകരിക്കുമെന്ന് സുഭാഷ് ചന്ദ്ര അറിയിച്ചു. ജനങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാമെന്നും വ്യക്തമായ മറുപടി നൽകുമെന്നും ചന്ദ്ര പറഞ്ഞു.









0 comments