വന്ദേമാതരം, ജയ്‌ഹിന്ദ്, ഇൻക്വിലാബ് സിന്ദാബാദ്
print edition ഏത് മുദ്രാവാക്യമാണ് നിങ്ങൾ ഏറ്റുവിളിച്ചത് : സു വെങ്കടേശൻ

ന്യൂഡൽഹി
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സമരോത്സുകമാക്കിയ ഏതു മുദ്രാവാക്യമാണ് നിങ്ങൾ ഏറ്റുവിളിച്ചതെന്ന് സിപിഐ എം അംഗം സു വെങ്കടേശൻ ലോക്‌സഭയിൽ ബിജെപി അംഗങ്ങളോട് ചോദിച്ചു. വന്ദേമാതരത്തിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവായിരുന്നു വന്ദേമാതരമെന്ന പ്രധാനമന്ത്രിയുടെ വാദം ശരിവയ്‌ക്കുന്നു. എന്നാൽ അത് മാത്രമായിരുന്നില്ല മുദ്രാവാക്യം. വന്ദേമാതരത്തെക്കാൾ ഒട്ടും താഴ്‌ന്നതല്ല ജയ്‌ഹിന്ദ്. ജയ്‌ഹിന്ദിനെക്കാൾ ഒട്ടും പിറകിലല്ല ഇൻക്വിലാബ് സിന്ദാബാദ്.
തൂക്കുകയറിനെ ചുംബിച്ചവരും വെടിയുണ്ടകളെ മുഖാമുഖം നിന്ന് ഏറ്റുവാങ്ങിയവരും പീരങ്കികൾക്ക് മുന്നിൽനിന്ന് മരണം വരിച്ചവരും കുതിരക്കുളന്പടിയിൽ ചവിട്ടിമെതിക്കപ്പെട്ടവരും ജാലിയൻവാലാബാഗിലെ പൊതുയോഗത്തിലും ഉപ്പുസത്യാഗ്രഹത്തിലും ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിലും പങ്കെടുത്തവരും ഇൗ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. ജനലക്ഷങ്ങൾ അവയ്‌ക്കു പിന്നിൽ അണിനിരന്നപ്പോൾ ഇതിൽ ഏതു മുദ്രാവാക്യത്തിന് പിന്നിലാണ് നിങ്ങളുടെ പൂർവികർ അണിനിരന്നത്?
അന്നുയർന്ന എല്ലാ മുദ്രാവാക്യങ്ങൾക്കും എതിരായിരുന്നു അവർ. അബദ്ധത്തിലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാവട്ടെ ചെയ്‌തത് തെറ്റാണെന്ന് പറഞ്ഞ് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് പിന്മാറി. വന്ദേമാതരത്തെക്കാൾ ഉച്ചത്തിൽ ഈശ്വർ അല്ലാ തേരേ നാം എന്ന മുദ്രാവാക്യം ഉയർന്നുവരാൻ കാരണം ഇന്ത്യയുടെ ബഹുസ്വരതയാണ്. ആ വരികൾ എപ്പോഴെങ്കിലും നിങ്ങൾ പാടിയിട്ടുണ്ടോ.
വന്ദേമാതരത്തെക്കുറിച്ച് വിപുലമായി ചർച്ച ചെയ്യുകയും ആറ് ശ്ലോകങ്ങളിൽ രണ്ടെണ്ണം മാത്രം അംഗീകരിക്കുകയും ചെയ്‌തു. എന്നാൽ ഇന്ന് വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും പാടണമെന്ന് മഹാരാഷ്ട്ര സർക്കാർ സർക്കുലർ അയക്കുന്നു. ഒരാൾ ഏത് പാട്ട് പാടണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആരാണ് നിങ്ങൾക്ക് നൽകിയത്? സു വെങ്കടേശൻ ചോദിച്ചു.
ഉണങ്ങാത്ത മുറിവുകൾ ഉണക്കണം. എന്നാൽ, മുറിവുകൾക്ക് ആഴം കൂട്ടണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്– അദ്ദേഹം പറഞ്ഞു.










0 comments