വിദ്യാർഥിനി ബലാത്സംഗത്തിനിരയായി; പഞ്ചാബ് ലവ്‍ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി പ്രതിഷേധം

ചണ്ഡീഗഡ് : വിദ്യാർഥിനി ബലാത്സംഗത്തിനിരയായതിനെത്തുടർന്ന് പഞ്ചാബിലെ ലവ്‍ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (LPU) വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാല ഹോസ്റ്റലിൽ വച്ച് വിദ്യാർഥിനിയെ ക്യാമ്പസിൽ ജോലിക്കെത്തിയ നിർമാണ തൊഴിലാളി ബലാത്സംഗം ചെയ്തെന്ന വാർത്തയെത്തുടർന്നാണ് വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബലാത്സംഗത്തിനിരയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തെന്നും വിവരമുണ്ട്.
എന്നാൽ ആരോപണങ്ങൾ അധികൃതർ നിഷേധിച്ചു. പ്രതിഷേധത്തിന്റെ മറവിൽ ക്യാമ്പസിലെ ജനലുകൾക്കും വാഹനങ്ങൾക്കും വിദ്യാർഥികൾ കേടുപാടുണ്ടാക്കിയതായും അധികൃതർ പറയുന്നു. ഒരു സംഘം വിദ്യാർഥികൾ ജലന്ധർ–ഫഗ്വാര ദേശീയപാത ഉപരോധിച്ചു. ഇതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
മൂന്ന് ദിവസം മുമ്പ് ക്യാമ്പസ് ഹോസ്റ്റലിൽ വച്ച് വിദ്യാർഥിനി ബലാത്സംഗത്തിനിരയായതായി വിദ്യാർഥികൾ പറയുന്നു. എന്നാൽ നടപടി സ്വീകരിക്കാതെ വിദ്യാർഥിനിയെ അധികൃതർ നാട്ടിലേക്ക് പറഞ്ഞുവിട്ടതായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾ വ്യക്തമാക്കി. വിദ്യാർഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരത്തിൽ സ്ഥിരീകരണമില്ലെന്നും അന്വേഷണം നടത്തുമെന്നും കപുർത്തല എസ്പി ഗൗരവ് തുറ പറഞ്ഞു.
തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും പിന്നീട് ക്യാമ്പസിന് പുറത്തുനിന്നുള്ള ചിലർ അകത്തുകയറി അക്രമം നടത്തുകയായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. ക്യാമ്പസിലെ നാശനഷ്ടം പൊലീസ് വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.









0 comments