Deshabhimani

പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതത്വത്തിൽ നിര്‍ത്തിയിട്ട് 100 ദിവസം, ശൈത്യകാല സമ്മേളനം സംബന്ധിച്ചും ആശങ്ക

Parliament's Monsoon session
വെബ് ഡെസ്ക്

Published on Nov 21, 2026, 10:56 AM | 2 min read

ന്യൂ‍ഡൽഹി:പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാതെ അനിശ്ചിതത്വത്തിൽ നിർത്തിയിട്ട് നൂറ് ദിവസം പിന്നിടുന്നു. ആഗസ്ത് 13ന് ലോക്സഭയും രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു (അഡ്ജേൺ സൈൻ ഡൈ) എങ്കിലും രാഷ്ട്രപതിയുടെ ഉത്തരവോടെ ഇത് വിജ്ഞാപന (പ്രൊറോഗ്) മാക്കാതെ നിര്‍ത്തിയിരിക്കയാണ്.


വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടത്. 2008-ൽ സഭ 87 ദിവസം പ്രൊറോഗേറ്റ് ചെയ്യാതെ നിര്‍ത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്രയും ദീ‍ർഘമായ കാലത്തെ അനിശ്ചിതത്വം ഉണ്ടാക്കിയിരിക്കുന്നത്.


പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള ഈ തന്ത്രം പാര്‍ലമെന്റ് നടപടി ക്രമങ്ങളെ തന്നെ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് ദുര്‍ബലപ്പെടുത്തുന്ന വിധമാണ്. ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്ന് കരുതുന്ന ശൈത്യകാല സമ്മേളനത്തിന്റെ സമയക്രമത്തെയും ഇത് അനിശ്ചതത്വത്തിൽ ആക്കിയിരിക്കയാണ്. നിലവിലുള്ള സമ്മേളനം നീട്ടുന്നതിന് കുറഞ്ഞത് രണ്ട് ദിവസത്തെ നോട്ടീസ് മതിയാവും. എന്നാൽ പുതിയ സമ്മേളനം വിളിച്ചുചേർക്കുന്നതിന് കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് ആവശ്യമാണ്. അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ സഭ എത്ര സമയത്തിനുള്ളിൽ പ്രൊറോഗ് ചെയ്യണമെന്ന് ഭരണഘടനയിൽ പ്രത്യേകം നിഷ്കർഷിക്കുന്നില്ല എന്ന സൗകര്യമാണ് പിരിച്ചു വിടൽ വിജ്ഞാപനം നീട്ടിക്കൊണ്ടു പോകുന്നതിന് മറയാക്കിയിരിക്കുന്നത്.


2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് പരമാവധി 850 ആയി ഉയർത്താനുള്ള നീക്കം ബിജെപി ശക്തിപ്പെടുത്തിയിരിക്കയാണ്. പ്രത്യേക സമ്മേളനത്തിലൂടെ 15 മുതൽ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ ലോക്‌സഭയിൽ പാസാക്കിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ അവകാശപ്പട്ടിരുന്നു. ബില്ല് പാസാക്കുന്നത് പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതോടെയാണ് അവകാശ വാദം ആവര്‍ത്തിച്ചത്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയത്തിന് ന്യായം ചമയ്ക്കാനുള്ള നീക്കമായിരുന്നു. സംഘപരിവാര്‍ ശക്തികള്‍ക്ക് സ്വാധീനമുള്ള മേഖലകളിൽ സീറ്റുകള്‍ വർധിപ്പിച്ച് ജനാധിപത്യത്തെ കൈപ്പിടിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങള്‍. ഏറക്കാലമായി ആസൂത്രണം ചെയ്ത പദ്ധതിയാണ്. പാര്‍ലമെന്റ് ബിൽഡിങ് പുതുക്കിയപ്പോള്‍ തന്നെ ഈ ലക്ഷ്യം മുൻനിര്‍ത്തി ഭൗതിക സാഹചര്യങ്ങളിൽ ക്രമീകരണം വരുത്തിയിരുന്നു. എന്നാൽ പ്രതിപക്ഷ പ്രതിരോധത്തിൽ നീക്കം പാളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home